കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളുപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി വിധി. സിബി മാത്യൂസിന്റെ ‘നിർഭയം-ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് അതിജീവിതയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്.
സിബി മാത്യൂസിനെതിരെ സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെജെ ജോഷ്വയാണ് ഐക്കോടതിയെ സമീപിച്ചത്. പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ നിന്നും അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ ബദറുദീൻ ഐപിസി 228എ പ്രകാരം സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
‘അതിജീവിതയുടെ പേര് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേരും താമസിക്കുന്ന സ്ഥലവും പഠിച്ച സ്കൂളിന്റെ പേരുമെല്ലാം വിശദമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 228എ വകുപ്പിന്റെ ലംഘനമാണെന്ന് പ്രാഥമികമായി വെളിപ്പെടുന്നു’- ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മണ്ണന്തല പോലീസിലും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്കും പരാതിക്കാരൻ ആദ്യം പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിശോധിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, കൂടുതൽ നടപടികൾ കേസിൽ ഉണ്ടാകാതെ വന്നതോടെ പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2017 മേയിലാണ് പുസ്തകം പുറത്തുവന്നത്. പരാതി നൽകിയത് 2019 ഒക്ടോബറിലും. 1996ൽ ആയിരുന്നു സൂര്യനെല്ലി കേസിന് ആസ്പദമായ സംഭവം നടന്നത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!