മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ അന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക്. നടന് ബൈപോളാർ ഡിസോർഡറും പെട്ടെന്ന് തന്നെ വൈകാരിക വ്യതിയാനങ്ങൾ സംഭവിക്കുന്ന മാനസിക രോഗവും ഉണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ മുംബൈ പോലീസിന് മൊഴി നൽകി. 13 വർഷമായി രോഗബാധിതനാണ് എന്നാണ് ഡോക്ടർ നൽകിയ മൊഴിയിൽ പറയുന്നത്. 2013ൽ സുശാന്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു എന്നും ഡോക്ടർ പറയുന്നു. ഇതിനെ സാധൂകരിക്കുന്ന മൊഴികളാണ് നടന്റെ സഹോദരിമാരും മുംബൈ പോലീസിന് നൽകിയത്.
അതേസമയം സുശാന്തിന്റെ മാനേജറായ ശ്രുതി മോഡി സിബിഐക്ക് നൽകിയ മൊഴിയിൽ റിയ ചക്രബർത്തി സംശയത്തിന്റെ നിഴലിലാണ്. സുശാന്ത് തന്റെ ഫ്ലാറ്റിൽ വെച്ച് റിയ ചക്രബർത്തിയുടെ സാന്നിധ്യത്തിൽ നിരോധിത ലഹരിമരുന്നായ മരിജുവാന ഉപയോഗിക്കാറുണ്ടെന്നും ഇവർക്കൊപ്പം റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തിയും സുശാന്തിന്റെ ഹൗസ് മാനേജരായ സാമുവേൽ മിറാൻഡയും ഉണ്ടാവാറുണ്ടെന്നും ശ്രുതി സിബിഐക്ക് നൽകിയ മൊഴിയിൽ പറയുന്നു. കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയെ കൂടി ഉൾപ്പെടുത്തി അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിബിഐ. റിയ ചക്രബർത്തി ലഹരിമരുന്ന് കൈകാര്യം ചെയ്യുന്നതായി സൂചിപ്പിക്കുന്ന വാട്ട്‌സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സിബിഐക്ക് ലഭിച്ചിരുന്നു.
കേസിൽ റിയയെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നാലു ദിവസങ്ങളായി 35 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നടിയുടെ മാതാപിതാക്കളെയും 8 മണിക്കൂറോളം ചോദ്യം ചെയ്തു. കേസിൽ വൈകാതെ തന്നെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.









































