വാഷിങ്ടൻ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫായി സൂസി വൈൽസിനെ നിയോഗിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്ത സുപ്രധാന പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് സൂസി വൈൽസ്.
ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ് സൂസി വൈൽസ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ വിജയം നേടാൻ സൂസി തന്നെ സഹായിച്ചുവെന്ന് ട്രംപ് പറഞ്ഞു.
”സൂസി മിടുക്കിയാണ്. മാത്രമല്ല അവർ സാർവത്രികമായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ സൂസി അശ്രാന്ത പരിശ്രമം തുടരും. യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്‌റ്റാഫ് ആയി സൂസിയെ നിയമിച്ചത് സ്‌ത്രീകൾക്ക് ലഭിക്കുന്ന വലിയ ബഹുമതിയാണ്”- ട്രംപ് പറഞ്ഞു.
പ്രസിഡണ്ടിന്റെ വിശ്വസ്‌തയായി പ്രവർത്തിക്കുക എന്നതാണ് ചീഫ് ഓഫ് സ്‌റ്റാഫിന്റെ റോൾ. പ്രസിഡണ്ടിന്റെ അജണ്ട നടപ്പിലാക്കുന്നതിൽ ചീഫ് ഓഫ് സ്‌റ്റാഫ് സഹായിക്കുന്നു. രാഷ്‌ട്രീയ നയ താൽപര്യങ്ങളും ഈ പദവിയിൽ ഇരിക്കുന്നയാളാണ് കൈകാര്യം ചെയ്യുന്നത്. പ്രസിഡണ്ട് ആരുമായി കൂടിക്കാഴ്‌ച നടത്തുകയും സംസാരിക്കുകയും ചെയ്യുന്നു എന്നതിനെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് വൈറ്റ് ഹൗസ് ഓഫ് സ്‌റ്റാഫിനാണ്.
ജനുവരി 20ന് ട്രംപ് പ്രസിഡണ്ട് പദവിയിലേക്ക് മടങ്ങിയെത്തുന്നതോടെ ഒട്ടേറെ പുതുമുഖങ്ങളെ വൈറ്റ് ഹൗസിൽ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂസിയുടെ നിയമനം ഇതിന്റെ തുടക്കമായാണ് സൂചിപ്പിക്കുന്നത്. ട്രംപിന്റെ വിശ്വസ്‌ത എന്ന നിലയിൽ സൂസി വൈൽസ് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
2016ലും 2020ലും ട്രംപിന്റെ ഫ്‌ളോറിഡയിലെ പ്രചാരണത്തിന് നേതൃത്വം നൽകിയതും സൂസിയായിരുന്നു. 2010ൽ ഫ്‌ളോറിഡ ഗവർണർ തിരഞ്ഞെടുപ്പിൽ റിക്ക് സ്‌കോട്ടിന്റെ ക്യാമ്പയിന് നേതൃത്വം നൽകിയതും സൂസി വൈൽസായിരുന്നു. മുൻ യൂട്ടാ ഗവർണർ ജോൺ ഹണ്ട്‌സ്‌മാന്റെ പ്രചാരണ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ