തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നുമാണ് സ്വപ്‌ന മോചിതയായത്. സ്വപ്‌നയുടെ അമ്മ പ്രഭയാണ് ജാമ്യ രേഖകളുമായി ജയിലിലെത്തി മകളെ സ്വീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഹൈക്കോടതി സ്വപ്‌നക്ക് ജാമ്യം അനുവദിച്ചത്. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിലെ കാലതാമസമാണ് സ്വപ്‌നയുടെ ജയിൽ മോചനം വൈകാൻ കാരണം.
സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങി 6 കേസുകളിലും ജാമ്യം കിട്ടിയിരുന്നു. 2020 ജൂലൈ 11ന് അറസ്‌റ്റിലായ സ്വപ്‌ന ഒരു വർഷവും 3 മാസവും പൂർത്തിയായ ശേഷമാണ് ഇപ്പോൾ ജയിൽ മോചിതയായത്. ഹൈക്കോടതി കർശന വ്യവസ്‌ഥകളോടെയാണ് എൻഐഎ കേസിൽ ജാമ്യം നൽകിയത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് ഹൈക്കോടതി ഉത്തരവിലെ ജാമ്യ വ്യവസ്‌ഥ.
ജയിൽ മോചിതയായ സ്വപ്‌ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് പിന്നെപ്പറയാമെന്നാണ് മറുപടി നൽകിയത്. സ്വപ്‌നക്കൊപ്പം തന്നെ കേസിൽ അറസ്‌റ്റിലായ 7 പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
Read also: അഫ്‌ഗാൻ വിഷയം; ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും, നിലപാടറിയിക്കാതെ ചൈന