മുംബൈ ഭീകരാക്രമണം; തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറും- യുഎസ് സുപ്രീം കോടതി അനുമതി

ഏറെ കാലമായി റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. പാക് ഭീകര സംഘടനകൾക്ക് വേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമനടപടി നേരിടുന്നത്.

By Senior Reporter, Malabar News
Tahawwur Hussain Rana
Tahawwur Hussain Rana (Image By: The Financial Express)
Ajwa Travels

വാഷിങ്ടൻ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകി യുഎസ് സുപ്രീം കോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവുർ ഹുസൈൻ റാണ നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.

ഏറെ കാലമായി റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്‌ഥാൻ വംശജനാണ് തഹാവുർ റാണ. 64-കാരനായ ഇയാൾ നിലവിൽ ലോസാഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന പരിശ്രമമെന്ന നിലയിലാണ് റാണ അമേരിക്കയിലെ സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതിയും ഹരജി തള്ളിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും റാണയെ കൈമാറ്റം ചെയ്യുക. ഇതിന് മുൻപ് അമേരിക്കയിലെ കീഴ്‌ക്കോടതികളിലെല്ലാം ഇയാൾ ഹരജി സമർപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂല വിധിയായിരുന്നു ഉണ്ടായിരുന്നത്.

ഇതോടെയാണ്, റാണ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹരജി നൽകിയത്. ഒരേ കുറ്റത്തിന് ഒരാളെ രണ്ടുതവണ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് കൈമാറുന്നതിൽ നിന്ന് ഇളവ് ലഭിക്കാൻ റാണയ്‌ക്ക് അർഹതയില്ലെന്നാണ് യുഎസ് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ പറഞ്ഞത്.

2008 നവംബർ 26നാണ് പാക് ഭീകര സംഘടന ലഷ്‌കർ-ഇ-തൊയിബയുടെ പരിശീലനം ലഭിച്ച പത്ത് തീവ്രവാദികൾ മുംബൈയെ ചോരക്കളമാക്കിയത്. 6 യുഎസ് പൗരൻമാർ ഉൾപ്പടെ 166 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അന്ന് മുതൽ ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയാണ് തഹാവുർ ഹുസൈൻ റാണ.

പാക് ഭീകര സംഘടനകൾക്ക് വേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമനടപടി നേരിടുന്നത്. ലഷ്‌കർ-ഇ-തൊയിബയ്‌ക്ക് സഹായം നൽകിയ കേസിൽ 2011ൽ യുഎസ് കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.

Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE