കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ആക്രമണത്തിൽ നിന്ന് രക്ഷിച്ച ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാൻ യുവതി. “അഫ്ഗാനിസ്ഥാനിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുക ആണ്, അതിനാൽ ഞാൻ എന്റെ മകളും രണ്ട് പേരക്കുട്ടികളുമായി ഇവിടെയെത്തി. ഞങ്ങളുടെ ഇന്ത്യൻ സഹോദരീ സഹോദരൻമാർ ഞങ്ങളെ രക്ഷിക്കാൻ വന്നു. അവർ (താലിബാൻ) എന്റെ വീട് കത്തിച്ചു. ഞങ്ങളെ സഹായിച്ചതിന് ഞാൻ ഇന്ത്യക്ക് നന്ദി പറയുന്നു,”- അഫ്ഗാൻ യുവതി പറയുന്നു. ഗാസിയാബാദിലെ ഹിൻഡൺ എയർഫോഴ്സ് സ്റ്റേഷനിലാണ് അഫ്ഗാൻ യുവതിയും കുടുംബവും ഇപ്പോൾ ഉള്ളത്.
അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് 168 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ഗാസിയാബാദിലെ വ്യോമസേനാ താവളത്തിലിറങ്ങും. അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേരെയും വഹിച്ചുള്ള രണ്ട് വിമാനങ്ങൾ ഡെൽഹിയിൽ എത്തി.
വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് രാജ്യത്ത് എത്തിയത്. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരാണ് മടങ്ങിയത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Most Read: കാക്കനാട് ലഹരിവേട്ട; സംസ്ഥാനത്ത് നാലിടത്ത് എക്സൈസ് പരിശോധന







































