ന്യൂഡെൽഹി: കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ. ഇത് സംബന്ധിച്ച് താലിബാന്റെ ഖത്തർ ഓഫിസിൽ നിന്ന് കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായാണ് വിവരം. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സംരക്ഷണം താലിബാൻ ഉറപ്പുനൽകിയെന്നും എൻഡിടിവി റിപ്പോർട് ചെയ്യുന്നു.
താലിബാന്റെ പൊളിറ്റിക്കൽ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്സായുടെ ഓഫിസിൽ നിന്നാണ് കേന്ദ്രത്തിന് സന്ദേശം ലഭിച്ചിരിക്കുന്നത്. ലഷ്കർ, ജയ്ഷ് എന്നീ സംഘടനകളിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം ഉണ്ടാകില്ലെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഫ്ഗാനിലെ എംബസി ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഈ ആഴ്ച രണ്ട് വ്യോമസേന വിമാനങ്ങളിലായാണ് ഇന്ത്യ ഒഴിപ്പിച്ചത്. കാബൂളിലും മറ്റ് നഗരങ്ങളിലുമായി നിരവധി ഇന്ത്യൻ പൗരൻമാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നാണ് വിവരം. ഇവരെ തിരികെ എത്തിക്കാൻ ഇന്ത്യയുടെ വ്യോമസേന വിമാനം കാബൂളിൽ എത്തിയിട്ടുണ്ട്. സെക്യൂരിറ്റി ക്ളിയറൻസ് ലഭിക്കുന്ന പക്ഷം രക്ഷാപ്രവർത്തനം ആരംഭിക്കും.
ഇതിനിടെ അഫ്ഗാനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ കടന്നുകയറി പരിശോധന നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാണ്ഡഹാർ, ഹെറാത്ത് എന്നിവിടങ്ങളിലെ കോൺസുലേറ്റിലാണ് ബുധനാഴ്ച താലിബാൻ സായുധസംഘം പരിശോധന നടത്തിയത്. അലമാരകളിൽ രേഖകൾക്കായി തിരച്ചിൽ നടത്തിയ താലിബാൻ സംഘം രണ്ടു കോൺസുലേറ്റുകളിലും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കടത്തിക്കൊണ്ട് പോയി. കാബൂളിലെ ഇന്ത്യൻ എംബസി താലിബാൻ വളഞ്ഞതായും റിപ്പോർട് പുറത്തുവന്നിരുന്നു എങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Also Read: മൂന്നാം ഘട്ട സമരത്തിന് കർഷകർ; അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു








































