കാബൂൾ: അഫ്ഗാനിലെ സുപ്രധാന നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ രാജ്യത്തിന്റെ ഹൃദയഭാഗമായ കാബൂൾ വളഞ്ഞ് താലിബാൻ. അതിർത്തിയിൽ തമ്പടിച്ച താലിബാൻ ഭീകരർ നാല് വശങ്ങളിൽ നിന്നായി കാബൂളിലേക്ക് പ്രവേശിക്കുകയാണ്. കാബൂളിന് തൊട്ടടുത്തുള്ള ജലാലാബാദ് പട്ടണം പിടിച്ചെടുത്തു.
അഫ്ഗാൻ സൈന്യത്തോട് പിൻമാറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷത്തിന് മുതിരരുതെന്നും ജനങ്ങൾ പാലായനം ചെയ്യരുതെന്നും താലിബാൻ വ്യക്തമാക്കി. കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണവും ഈ മതഭ്രാന്തൻമാരുടെ കൈകളിലാണ്. മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാൻ സൈന്യം പിൻമാറിയതോടെയാണ് മസാരേ ശരീഫ്, ജലാലാബാദ് നഗരങ്ങൾ അതിവേഗം കീഴടക്കാൻ താലിബാന് കഴിഞ്ഞത്. അഫ്ഗാൻ സൈന്യം പലയിടത്തുനിന്നും കൂട്ടത്തോടെ ഓടിപ്പോവുകയാണ്.
അതേസമയം, അഫ്ഗാൻ ജനതക്ക് മേൽ യുദ്ധം അടിച്ചേൽപ്പിക്കാനില്ലെന്ന് പറഞ്ഞ പ്രസിഡണ്ട് അഷ്റഫ് ഗനി ഏത് നിമിഷവും സ്ഥാനം ഒഴിഞ്ഞേക്കുമെന്ന അവസ്ഥയിലാണുള്ളത്. യുഎസ് ഉദ്യോഗസ്ഥരെയും പൗരൻമാരെയും ഒഴിപ്പിച്ച് തീരും വരെ കാബൂളിൽ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കക്ക് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി നൽകുമെന്ന് പ്രസിഡണ്ട് ജോ ബൈഡൻ കർശന മുന്നറിയിപ്പ് നൽകി. പ്രത്യേക വിമാനങ്ങളിൽ ഉദ്യോഗസ്ഥരെ മിന്നൽ വേഗത്തിൽ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടണും.
എല്ലാ കാലത്തും അഫ്ഗാനിൽ തുടരാൻ അമേരിക്കക്ക് കഴിയില്ലെന്നും ഈ യുദ്ധം തലമുറകളിലേക്ക് കൈമാറാൻ ആഗ്രഹിക്കുന്നില്ലെന്നും ജോ ബൈഡൻ പറഞ്ഞു. എത്ര വർഷം തുടർന്നാലും അഫ്ഗാനിലെ അവസ്ഥ മാറാൻ പോകുന്നില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
Also Read: ദളിത് വിഭാഗത്തെ അധിക്ഷേപിച്ച് വീഡിയോ; നടി മീര മിഥുന് അറസ്റ്റില്‍







































