കോഴിക്കോട്: വടകര താലൂക്ക് ഓഫിസിന് തീയിട്ട കേസിലെ പ്രതിയായ ആന്ധ്രാ സ്വദേശി സതീഷ് നാരായണനെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ റിമാൻഡിലായ സതീഷ് ജയിലിൽ മാനസിക അസ്വാസ്‌ഥ്യം പ്രകടമാക്കുന്ന രീതിയിൽ പെരുമാറിയ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്‌ധന്റെ നിർദ്ദേശ പ്രകാരമാണ് പ്രതിയെ കുതിരവട്ടത്തേക്ക് മാറ്റിയത്. ഡോക്‌ടറുടെ വിശദീകരണം പോലീസ് രേഖപ്പെടുത്തും. ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
സതീഷിന്റെ മാതാപിതാക്കളുമായി വടകര പോലീസ് ഫോൺ വഴി ബന്ധപ്പെട്ടിരുന്നു. സതീഷ് വർഷങ്ങൾക്ക് മുൻപ് മാനസിക അസ്വാസ്‌ഥ്യങ്ങൾ പ്രകടിപ്പിക്കുകയും ചികിൽസ നടത്തുകയും ചെയ്‌തിരുന്നതായി രക്ഷിതാക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, സതീഷ് നാരായണന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പോലീസ് സംഘം ഹൈദരാബാദിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്.
ഹൈദരാബാദിൽ കാർ കത്തിച്ച കേസിൽ സതീഷ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇയാൾക്ക് ഏതെങ്കിലും ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന കാര്യങ്ങളും അന്വേഷിക്കും. ഈ മാസം 17ന് ആണ് വടകര താലൂക്ക് ഓഫിസിന് തീപിടിച്ചത്. ആന്ധ്രാ സ്വദേശി സതീഷ് നാരായണനാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഇതിന് മുൻപ് നടന്ന തീപിടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സതീഷിലേക്ക് പോലീസ് എത്തിച്ചേർന്നത്. കേസിൽ സതീഷ് മാത്രമാണ് അറസ്‌റ്റിലായത്.
Most Read: പഞ്ചാബിലെ കോടതിയിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു







































