കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ തീയിട്ട സംഭവത്തിൽ ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. താലൂക്ക് ഓഫിസ് കെട്ടിടത്തിൽ രാത്രി കിടക്കാൻ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട കത്തിച്ചെന്ന് സതീഷ് പൊലീസിന് മൊഴി നൽകി. മറ്റ് കേസുകളിലും ഇയാളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നിലവിൽ മൂന്ന് തീവെപ്പ് കേസുകളിൽ പ്രതിയാണ് സതീഷ് നാരായൺ. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
നേരത്തെ ലാൻഡ് അക്വിസിഷൻ ഓഫിസിലും ജില്ലാ വിദ്യാഭ്യാസ ഓഫിസിലും ഇയാൾ തീയിട്ടിരുന്നു. എന്നാൽ, തീവെപ്പ് നടന്നപ്പോൾ മേഖലയിൽ ചുറ്റിക്കറങ്ങുന്ന ആളെപ്പറ്റി പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും വേണ്ട രീതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നില്ല. എന്നാൽ, താലൂക്ക് ഓഫീസ് കത്തിച്ചതോടെ പോലീസ് ഉണർന്ന് പ്രവർത്തിച്ചുവെന്നും, നേരത്തെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ വിമർശനം ഉയരുന്നത്.
Most Read: പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി; കെ സുധാകരൻ







































