ചെന്നൈ: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) എതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കും. സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എസ്ഐആർ നടത്താമെന്നാണ് തമിഴ്നാടിന്റെ നിലപാട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിനായി പ്രവർത്തിക്കുകയാണെന്ന് സർവകക്ഷി യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു. 49 പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. എസ്ഐആറിനെതിരായ പ്രമേയം യോഗത്തിൽ പാസാക്കി.
ബിജെപി, എഐഎഡിഎംകെ പാർട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടിവികെ, എൻടികെ, എഎംഎംകെ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എസ്ഐആറിനെതിരെ കേരളം നേരത്തെ പ്രമേയം പാസാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ എസ്ഐആർ നടപ്പാക്കരുതെന്ന് സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.
ഇത് തള്ളിയാണ് രണ്ടാംഘട്ടത്തിൽ എസ്ഐആർ നടപ്പാക്കുന്ന 12 സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളത്തെയും ഉൾപ്പെടുത്തിയത്. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ നാലുമുതൽ ഡിസംബർ 12 വരെ വീടുകൾ കയറി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും. ഡിസംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രഖ്യാപിക്കും.
Most Read| കരീബിയൻ കടലിൽ യുഎസ് ആക്രമണം; 3 മരണം, ലക്ഷ്യമിട്ടത് ലഹരി കടത്തുകാരെ








































