ചെന്നൈ: കോയമ്പത്തൂർ സ്വദേശിയായ വിദ്യാർഥി യുക്രൈൻ സൈന്യത്തിൽ ചേർന്നതായി റിപ്പോർട്. സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർഥിയാണ് യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകീവ് എയറോനോട്ടിക്കൽ സർവകലാശാലയിലെ വിദ്യാർഥിയാണ് ഇയാൾ. ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിട്ടോറിയൽ ഡിഫൻസിൽ ചേർന്നതായാണ് വിവരം.
സായിയുടെ കോയമ്പത്തൂരിലെ വീട്ടിലെത്തി ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം സായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സായിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് മാത്രമാണ് കുടുംബം പ്രതികരിച്ചത്.
2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂർ സ്വദേശിയാണ് ഈ 21കാരൻ. സ്കൂൾ പഠനം അവസാനിച്ച ശേഷം രണ്ടുതവണ ഇന്ത്യൻ സേനയിൽ ചേരാൻ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർന്ന് അഞ്ച് വർഷത്തെ കോഴ്സിന് സായി യുക്രൈനിൽ എത്തുകയായിരുന്നു.
റഷ്യക്കെതിരെ പ്രതിരോധ രംഗത്തിറങ്ങാൻ സന്നദ്ധരാകുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിസ താൽകാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡണ്ട് ഒപ്പുവെക്കുകയും ചെയ്തു. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നത് വരെ ഉത്തരവ് തുടരുമെന്നാണ് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട് ചെയ്യുന്നത്.
Most Read: പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ