ന്യൂഡെൽഹി: ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ തേജസ് യുദ്ധവിമാനം തകർന്ന് മരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡെൽഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്ക് കൊണ്ടുപോകും. ഭാര്യ അഫ്സാനും വ്യോമസേനയിലെ പൈലറ്റാണ്.
തേജസ് തകർന്നുവീണ സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകൾ നടത്തി. വിമാനത്തിന്റെ ബ്ളാക് ബോക്സിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. കഴിഞ്ഞ കൊല്ലം മാർച്ചിൽ ജെയ്സൽമേറിൽ അപകടം ഉണ്ടായിരുന്നെങ്കിലും പൈലറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുമായി രാജ്നാഥ് സിങ് അപകടത്തെ കുറിച്ച് സംസാരിച്ചു. തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണ് ദുബായിൽ നടന്നത്. എയർ ഷോയിൽ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 2.15ന് ആണ് ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് ടേക്ക് ഓഫ് ചെയ്തത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് തേജസ് യുദ്ധ വിമാനം.
പൈലറ്റായി ഒരാൾ മാത്രമുള്ള സിംഗിൾ എൻജിൻ, ലൈറ്റ് വെയ്റ്റ് യുദ്ധവിമാനമാണിത്. എട്ടുമിനിറ്റ് നേരത്തെ പ്രകടനമാണ് തേജസിന് നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം വിമാനം രണ്ടുതവണ റോൾ ഓവർ ചെയ്തു (കരണം മറിഞ്ഞു). മൂന്നാമത്തേതിന് ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിന് പുറത്തേക്ക് നീങ്ങി അതിവേഗം നിലത്തേക്ക് പതിക്കുകയായിരുന്നു.
വീണതിന് പിന്നാലെ വലിയ തീഗോളമായി വിമാനം മാറി. ദുബായ് വേൾഡ് സെന്ററിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലാണ് ഈമാസം 17 മുതൽ അഭ്യാസപ്രകടനങ്ങൾ തുടങ്ങിയത്. എയർ ഷോയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. വിമാനം നിലംപതിച്ചതോടെ എയർ ഷോ വേദി മൂകമായി. രക്ഷാപ്രവർത്തകർ അതിവേഗം സ്ഥലത്തെത്തി തീ അണച്ചു. ഏകദേശം രണ്ടുമണിക്കൂർ നിർത്തിയ ശേഷം എയർ ഷോ വീണ്ടും തുടങ്ങി.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































