കല്‍പ്പറ്റ : ടെലി ഐസിയു സംവിധാനം പ്രവര്‍ത്തന സജ്‌ജമാക്കി മാനന്തവാടി ജില്ലാ ആശുപത്രി. ഇതോടെ കോവിഡ് ചികില്‍സ രംഗത്ത് മാനന്തവാടി ജില്ലാ ആശുപത്രിയും പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ സജ്‌ജമാക്കിയിരിക്കുന്ന ടെലി ഐസിയു പ്രവര്‍ത്തിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമാന്‍ഡ് റൂമുമായി ബന്ധിപ്പിച്ചായിരിക്കും. ഈ സംവിധാനത്തിലൂടെ കമാന്‍ഡ് റൂമിലുള്ള ഡോക്‌ടർമാര്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ വിദഗ്‌ധ ഉപദേശങ്ങള്‍ നൽകാന്‍ സാധിക്കും.
ടെലി ഐസിയു സംവിധാനത്തില്‍ ട്രോളി ബെയ്സ്ഡ് കമ്പ്യൂട്ടര്‍, സ്‌കാനര്‍, വെബ് ക്യാമറ, സ്‌പീക്കര്‍ എന്നിവയായിരിക്കും ഉണ്ടാകുക. ട്രോളി ബേസ്ഡ് കമ്പ്യൂട്ടറിലേക്ക് രോഗികളുടെ കേസ് ഷീറ്റ്, പരിശോധന ഫലങ്ങള്‍, എക്‌സ്‌റേ, സിടി സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ അപ്‌ലോഡ് ചെയ്യും. ഇതിലൂടെയാണ് കമാന്‍ഡ് റൂമിലുള്ള ഡോക്‌ടർമാര്‍ക്ക് എളുപ്പത്തില്‍ വിദഗ്‌ധ ഉപദേശങ്ങള്‍ നൽകാന്‍ കഴിയുന്നത്. കൂടാതെ അടിയന്തിര സാഹചര്യങ്ങളില്‍ വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനങ്ങള്‍ തേടാനും ഇതുവഴി സാധിക്കും.
ജില്ലയിലെ എല്ലാ കോവിഡ് കേസുകളും നിലവില്‍ ജില്ലക്കുള്ളില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ആ സാഹചര്യത്തില്‍ ടെലി ഐസിയു സംവിധാനം കൂടി എത്തുമ്പോള്‍ അത് കോവിഡ് ചികില്‍സ മേഖലയെ കൂടുതല്‍ സഹായിക്കും. കോവിഡ് ചികിൽസയെ കൂടാതെ കോവിഡ് ഇതര ചികില്‍സയിലും ടെലി ഐസിയു സംവിധാനം പ്രയോജനപ്പെടുത്താനായി സാധിക്കും. 44 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലാ ആശുപത്രിയിലെ ഇന്‍സെന്റീവ് കെയര്‍ യൂണിറ്റില്‍ നിലവില്‍ 11 കോവിഡ് രോഗികള്‍ ആണ് ഉള്ളത്. ഇവിടെ ഡ്യൂട്ടിക്കായി നിലവില്‍ 2 ഡോക്‌ടർമാരും, 2 നഴ്‌സുമാരും അടങ്ങുന്ന സംഘം 3 ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.
Read also : ‘ആദ്യം ഭൂമി അതിന് ശേഷം വോട്ട്’; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ അരിപ്പ നിവാസികൾ








































