ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ കരുത്തും നിശ്‌ചയദാർഢ്യവും തെളിയിച്ചെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്‌ഥാന്റെ ആണവ ഭീഷണി തകർത്തു. മൂന്ന് സേനകൾക്കും സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. മൂന്ന് സേനകളുടെയും സംയുക്‌ത നീക്കത്തിന് ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം പറഞ്ഞു.
പാക്ക് ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടം ഇന്ത്യ ഇപ്പോഴും തുടരുകയാണ്. 2025ൽ മാത്രം 31 ഭീകരരെ വധിച്ചു. ഇതിൽ 65 ശതമാനവും പാക്കിസ്‌ഥാൻ സ്വദേശികളായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള മൂന്ന് ഭീകരരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചതായും കരസേനാ മേധാവി വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
നിലവിൽ കശ്‌മീരിലെ പ്രാദേശിക ഭീകരരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് ചുരുങ്ങി. പുതിയ ആളുകൾ ഭീകരവാദത്തിലേക്ക് എത്തുന്നത് ഏതാണ്ട് ഇല്ലാതായി. അതിർത്തിക്കപ്പുറം ഇപ്പോഴും എട്ടോളം ഭീകര പരിശീലന ക്യാമ്പുകൾ സജീവമാണെന്ന് രഹസ്യാന്വേഷണ വിവരങ്ങളുണ്ട്. ഇവയിൽ രണ്ടെണ്ണം അന്താരാഷ്‌ട്ര അതിർത്തിക്ക് എതിർവശത്തും ആറെണ്ണം നിയന്ത്രണ രേഖയ്‌ക്ക് കുറുകേയുമാണ് സ്‌ഥിതി ചെയ്യുന്നത്.
ഈ ക്യാമ്പുകളിൽ ചില സാന്നിധ്യവും പരിശീലന പ്രവർത്തനങ്ങളും ഉണ്ടെന്നും സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനിടയിൽ പാക്കിസ്‌ഥാൻ ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് മുതിർന്നിരുന്നെങ്കിൽ അതിർത്തി കടന്നുള്ള കരയുദ്ധത്തിന് ഇന്ത്യൻ സൈന്യം പൂർണ സജ്‌ജമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
88 മണിക്കൂറിനുള്ളിൽ, പരമ്പരാഗത യുദ്ധത്തിലേക്ക് സംഘർഷം മാറുമായിരുന്നു. ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ഏകദേശം 100 പാക്കിസ്‌ഥാൻ സൈനികരെ വധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും, പാക്കിസ്‌ഥാൻ ഭാവിയിൽ ഏതെങ്കിലും ആക്രമണത്തിന് ശ്രമിച്ചാൽ അതിന് ശക്‌തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Most Read| എപ്പോഴും മനുഷ്യ പക്ഷത്ത്; സിപിഎം മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ








































