കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്‌റ്റിലായി കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന 6 വിദ്യാർഥികൾക്കാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം.
5000 രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ടുപോകരുത്, ക്രിമിനൽ സ്വഭാവമുള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കുറ്റാരോപിതർക്ക് ജാമ്യം അനുവദിക്കാതിരിക്കുന്നത് ബാലനീതി നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിക്ക് തന്നെ എതിരാണെന്ന് വ്യക്‌തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്. മാർച്ച് ആദ്യം അറസ്‌റ്റിലായ കുറ്റാരോപിതരിൽ ചിലർ 90 ദിവസത്തിലധികവും ചിലർ 100 ദിവസത്തിലധികവുമായി ജുവനൈൽ ഹോമിൽ കഴിയുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്ന് നേരത്തെ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയും ഇതിനിടെ ഷഹബാസിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നത്. മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത്.
പിന്നാലെ അറസ്‌റ്റിലായ 6 വിദ്യാർഥികളെ കോഴിക്കോട് ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവരെ പത്താം ക്ളാസ് പരീക്ഷ എഴുതാൻ അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു. തുടർന്ന് പരീക്ഷ എഴുതിച്ചെങ്കിലും ഫലം സർക്കാർ തടഞ്ഞുവെക്കുകയായിരുന്നു. എന്നാൽ, ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ആഴ്‌ച ഇവരുടെ ഫലം പ്രഖ്യാപിച്ചിരുന്നു. മൂന്നുപേർ താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലും മറ്റുള്ളവർ കോഴിക്കോട് തന്നെ മറ്റ് സ്‌കൂളുകളിലുമാണ് പ്ളസ് വണ്ണിന് പ്രവേശനം നേടിയത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ