കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. വലതുചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, മരിച്ച ഷഹബാസിന്റെ മൃതദേഹം താമരശ്ശേരിയിലെ വാടക വീട്ടിലെത്തിച്ചു. ചുങ്കം മദ്രസയിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം പള്ളിയിൽ കബറടക്കും. പരിക്കേറ്റ് അതീവ ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു ഷഹബാസ്. ഇന്ന് പുലർച്ചെ ഒന്നിനാണ് മരിച്ചത്.
പത്താം ക്ളാസ് വിദ്യാർഥി ഷഹബാസിനെ കൊന്നത് കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്നാണ് തെളിവുകൾ. പോലീസ് കസ്‌റ്റഡിയിലെടുത്ത അഞ്ചു വിദ്യാർഥികളിൽ പോലീസ് ഉദ്യോഗസ്‌ഥന്റെ മകനുമുണ്ട്. വിദ്യാർഥികൾ എന്നതിനപ്പുറം കൃത്യമായ ക്രിമിനൽ മനസോടെയാണ് ഇവർ പ്രവർത്തിച്ചതെന്നും പുറത്തുവന്ന തെളിവുകളിൽ നിന്ന് വ്യക്‌തമാകുന്നു.
കൊല്ലണമെന്ന് ഉറപ്പിച്ചശേഷമാണ് ഷഹബാസിനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത്. അതിന് മുൻപ് തന്നെ ഷഹബാസിനെ കൊല്ലുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ വാട്‍സ് ആപ്, ഇൻസ്‌റ്റഗ്രാം ഗ്രൂപ്പുകൾ തുടങ്ങി. ആളുകൾ കൂട്ടമായി ചേർന്ന് മർദ്ദിച്ചാൽ കേസ് നിൽക്കില്ലെന്നും മരിച്ചാൽ പോലും ജയിലിൽ കിടക്കേണ്ടി വരില്ലെന്നുമുൾപ്പടെയുള്ള നിയമ വശങ്ങളും ചർച്ച ചെയ്‌തു.
വാടക വീട്ടിലായിരുന്ന ഷഹബാസിനെ വിളിച്ചിറക്കികൊണ്ടുവന്ന് ആളുകൾ നോക്കിനിൽക്കെ നഗരമധ്യത്തിലിട്ടാണ് മർദ്ദിച്ചത്. വിളിച്ചിറക്കി കൊണ്ടുവന്നത് അടുത്ത സുഹൃത്താണ്. കുട്ടികൾ തമ്മിൽ പ്രശ്‌നമുണ്ടായാൽ പിടിച്ചുമാറ്റാൻ പോകുന്നതല്ലാതെ ഇതുവരെ ഷഹബാസ് ആരെയും മർദ്ദിച്ചതായി അറിവില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മുൻപും എളേറ്റിൽ സ്‌കൂളിലെയും താമരശ്ശേരി സ്‌കൂളിലെയും കുട്ടികൾ തമ്മിൽ പ്രശ്‌നം ഉണ്ടായിട്ടുണ്ട്.
പഠനത്തിൽ ഉൾപ്പടെ ഷഹബാസ് മിടുക്കനായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഷഹബാസിന്റേത്. ഉപ്പ ഇക്‌ബാൽ ആദ്യം ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലെത്തി പെയിന്റ് പണി ഉൾപ്പടെ ചെയ്യുകയാണ്. വാടക വീട്ടിലാണ് താമസം. സ്വന്തമായി നിർമിക്കുന്ന വീടിന്റെ പണി പുരോഗമിക്കുകയാണ്. മൂന്ന് അനുജൻമാരാണ് ഷഹബാസിനുള്ളത്.
താമരശേരി സ്‌കൂളിലെ പത്താം വിദ്യാർഥികളായ അഞ്ചുപേർക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. കുറ്റക്കാരായ വിദ്യാർഥികളെ ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. പ്രതികളായ കുട്ടികൾക്കെതിരെ പോലീസ് എസ്‌ബിആർ രേഖപ്പെടുത്തും. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എഫ്‌ഐആർ ഉണ്ടാകില്ല. പകരം എസ്‌ബിആർ (സോഷ്യൽ ബാക് ഗ്രൗണ്ട് റിപ്പോർട്) ആണ് രജിസ്‌റ്റർ ചെയ്യുന്നത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ