പത്തനംതിട്ട: തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും. ബഡ്‌സ് ആക്‌ട് വകുപ്പുകൾ കൂടി കേസിൽ ചേർത്ത് ക്രൈം ബ്രാഞ്ചിന് കൈമാറിയ ശുപാർശയിൽ സംസ്‌ഥാന പോലീസ് മേധാവി ഉത്തരവിറക്കും. തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സജി സാം ജയിലിലാണ്. രണ്ടാം പ്രതിയും ഭാര്യയുമായ റാണി സജിയിലേക്ക് ഇതുവരെ അന്വേഷണം എത്തിയിട്ടുമില്ല.
ഇതിനിടയിൽ പണം തിരികെ കിട്ടുമോയെന്ന നിക്ഷേപകരുടെ ആശങ്കയും ഒരു ഭാഗത്ത് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിൽ സർക്കാർ പരിഗണനയിലിരിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണ ശുപാർശ ഉടൻ നടപ്പിൽ വരുത്താൻ നീക്കം. ഇതിനിടെ ബഡ്‌സ് ആക്‌ട് കൂടി ചേർത്ത് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണ ശുപാർശ മാറ്റി നൽകിയിട്ടുണ്ട്.
പണം തിരികെ കിട്ടുമോയെന്ന നിക്ഷേപകരുടെ സംശയ ദുരീകരണം കൂടിയാണ് പോലീസിനെ ഇതിന് പ്രേരിപ്പിച്ചത്. പത്തനംതിട്ട, അടൂർ,പത്തനാപുരം സ്‌റ്റേഷനുകളിലായി ഇതുവരെ 250ലധികം കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുളളത്.
28 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കണക്കാക്കുന്നത്. ദിവസ വരുമാനക്കാരും പെൻഷൻകാരും പ്രവാസികളുമായി നൂറുകണക്കിന് പേരാണ് തട്ടിപ്പിന് ഇരയായത്. ഇതിൽ പ്രസ്‌തുത സ്‌ഥാപനത്തിലെ ജീവനക്കാരായിരുന്നവരും അവരുടെ കുടുംബാംഗങ്ങളും വരെയുണ്ട്.
Read Also: കെടി ജലീലിന്റെ ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതിയില്‍







































