സമീപകാലത്ത് ഇറങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായ ‘അഞ്ചാം പാതിര‘ക്ക് ശേഷം മറ്റൊരു ത്രില്ലർ ചിത്രം കൂടി ഒരുക്കാൻ അണിയറ പ്രവർത്തകർ ഒന്നിക്കുന്നു. നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക് പോസ്‌റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
സംവിധായകൻ മിഥുൻ മാനുവേൽ തോമസ്, നിർമ്മാതാവ് ആഷിഖ് ഉസ്‌മാൻ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് കുഞ്ചാക്കോ ബോബൻ പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ ആഷിഖ് ഉസ്‌മാനും, മിഥുൻ മാനുവേൽ തോമസും ഇത് സ്‌ഥിരീകരിച്ചു.
‘അഞ്ചാം പാതിരക്ക് ശേഷം ഞങ്ങൾ വീണ്ടുമെത്തുന്നു, മറ്റൊരു ത്രില്ലറിനായി അതേ ടീമിനൊപ്പം’ എന്നാണ് ആഷിഖ് ഉസ്‌മാൻ ഫേസ്ബുക്കിൽ കുറിച്ചത്. ഈ വർഷം ജനുവരിയിലാണ് അഞ്ചാം പാതിര തീയറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായം നേടിയ ചിത്രം അന്യഭാഷ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിരുന്നു.
മിഥുൻ മാനുവേൽ തോമസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കുഞ്ചാക്കോ ബോബന് പുറമെ ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, സുധീഷ്, മാത്യു തോമസ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിൽ അഭിനയിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികം വൈകാതെ തന്നെ പുറത്തുവിട്ടേക്കും.
Read Also: നിങ്ങളുടെ ആരാധിക ആയിരുന്നതിൽ ലജ്‌ജിക്കുന്നുവെന്ന് വാമിഖ; ബ്ളോക്ക് ചെയ്‌ത് കങ്കണ