ന്യൂഡെൽഹി: നാഗാലാൻഡ് വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ സേനക്ക് എതിരെ ആരോപണവുമായി വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന തൊഴിലാളി. സുരക്ഷാസേന തങ്ങളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നില്ല എന്ന് വെടിയേറ്റ സെയ് വാങ് സോഫ്റ്റ്‌ലി പറഞ്ഞു.
യാതൊരു പ്രകോപനവുമില്ലാതെ സേന നേരിട്ട് വെടി വെക്കുകയായിരുന്നു. പകൽ വെളിച്ചത്തിലാണ് വെടിവെപ്പ് നടന്നതെന്നും സെയ് വാങ് പറയുന്നു. ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സെയ് വാങ് സോഫ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്.
ഡിജിപിയുടെ റിപ്പോർട്ടിലും സൈന്യത്തിനെതിരെ ഗുരുതര ആരോപണമാണ് ഉള്ളത്. പരിശോധന നടത്താതെയാണ് നാട്ടുകാർക്ക് നേരെ സൈന്യം വെടിവെച്ചത്. കയ്യിൽ ആയുധങ്ങളില്ലാത്ത തൊഴിലാളികൾക്ക് നേരെ പകൽ വെളിച്ചത്തിൽ വെടിവെച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ നാഗാലാൻഡ് വെടിവെപ്പിനെ തുടർന്ന് സംസ്‌ഥാനത്ത് പലയിടത്തും സംഘർഷ സാഹചര്യം തുടരുന്നു. നാട്ടുകാർ റോഡ് ഉപരോധിച്ചു. സൈനിക വാഹനങ്ങൾക്ക് നേരെയും പ്രതിഷേധം ഉണ്ടായി. വെടിവെപ്പുണ്ടായ മോൺ ജില്ല ഉൾപ്പടെ 2 ജില്ലകളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ‘അഫ്‌സ്‌പ’ നിയമം പിൻവലിക്കാനാണ് പ്രതിഷേധം.
അഫ്‌സ്‌പ പിൻവലിക്കണമെന്ന് നാഗാലാൻഡ് ക്യാബിനറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സംസ്‌ഥാനത്ത് നിയമം പിൻവലിക്കാനുള്ള ശക്‌തമായ ശുപാർശകളോടെ നാഗാലാൻഡ് സർക്കാർ ഉടൻ കേന്ദ്രത്തിന് ഔദ്യോഗിക കത്ത് നൽകും.
അഫ്‌സ്‌പ പിൻവലിക്കണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോ തിങ്കളാഴ്‌ച ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഗ്രാമീണരുടെ മരണാനന്തര ചടങ്ങിനു ശേഷമായിരുന്നു റിയോയുടെ ട്വീറ്റ്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സൈന്യത്തിന് അമിതാധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്നു വിവിധ മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. അസം, മണിപ്പുർ, അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും അഫ്‌സ്‌പ നിലവിലുണ്ട്.
Most Read: കർഷക സമരം അവസാനിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്