പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ അതിനിർണായക പോരാട്ടത്തിൽ ഇന്ന് കരുത്തരായ ഹൈദരാബാദ് എഫ്സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ളാസ്റ്റേഴ്സ്. ആവേശം നിറച്ച കഴിഞ്ഞ മൽസരത്തിൽ എടികെ മോഹൻ ബഗാനോട് അവസാന നിമിഷ ഗോളിൽ സമനില വഴങ്ങേണ്ടി വന്ന ബ്ളാസ്റ്റേഴ്സ് ഏത് വിധേനയും ജയിക്കാനുറച്ചാണ് ഇന്ന് കളത്തിൽ ഇറങ്ങുക.
നിലവിൽ 16 മൽസരങ്ങളിൽ നിന്ന് 27 പോയിന്റുമായി ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്. ഇന്ന് ജയിക്കാനായാൽ കുറഞ്ഞത് നാലാം സ്ഥാനത്തും, 4 ഗോൾ വ്യത്യാസത്തിലുള്ള വിജയം മൂന്നാം സ്ഥാനത്തേക്കും ബ്ളാസ്റ്റേഴ്സിനെ എത്തിക്കും.
മറുഭാഗത്ത് ഒന്നാം സ്ഥാനത്ത് ഉള്ള ഹൈദരാബാദിന് പ്ളേ ഓഫ് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അതിനാൽ സമ്മർദ്ദമില്ലാതെ ആയിരിക്കും അവർ ഇറങ്ങുക. സസ്പെൻഷനിലായ ജോർജെ ഡയസ് പെരേര ഇല്ലാത്തത് ബ്ളാസ്റ്റേഴ്സിന് തിരിച്ചടിയാണ്.
എന്നാൽ മലയാളി താരം കെപി രാഹുൽ ഇന്ന് ആദ്യ ഇലവനിൽ മടങ്ങിയെത്താനുള്ള സാധ്യതയുണ്ട്. ജയത്തിൽ കുറഞ്ഞതിലൊന്നും ടീമിന് ഗുണം ചെയ്യില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ളാസ്റ്റേഴ്സ് ശ്രമിക്കുമെന്ന് ആരാധകരും പ്രത്യാശിക്കുന്നു.
Read Also: ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പതിവ്; സഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം










































