മലപ്പുറം: തിരൂരിൽ നിന്ന് കാണാതായ 11 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. തൃശൂർ റെയിൽവേ സ്‌റ്റേഷന് അടുത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അമ്മയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതായി അമ്മയുടെ മൊഴി അനുസരിച്ചാണ് പോലീസ് തൃശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് തിരച്ചിൽ നടത്തിയത്. മൂന്ന് മാസം മുൻപ് ഉണ്ടായ സംഭവം ഇന്നാണ് പുറത്തുവന്നത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ജയസൂര്യനും ശ്രീപ്രിയയും ബന്ധുക്കളും തിരൂർ പോലീസിന്റെ കസ്‌റ്റഡിയിലാണ്.
തമിഴ്‌നാട് കൂടല്ലൂർ സ്വദേശി ശ്രീപ്രിയ മൂന്ന് മാസം മുമ്പാണ് ഭർത്താവായ മണിപാലിനെ ഉപേക്ഷിച്ച് 11 മാസം പ്രായമുള്ള കുഞ്ഞുമായി കാമുകനൊപ്പം തിരൂരിലെത്തിയത്. ശ്രീപ്രിയയെയും കുട്ടിയേയും അന്വേഷിച്ച് ബന്ധുക്കൾ തിരൂരിൽ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. കുട്ടിയെ കുറിച്ച് ചോദിച്ചപ്പോൾ പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് ശ്രീപ്രിയ പറഞ്ഞിരുന്നത്.
സംശയം തോന്നിയതോടെ ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. കുട്ടിയെ കാമുകനും പിതാവും ചേർന്ന് രണ്ടുമാസം മുൻപ് കൊലപ്പെടുത്തിയെന്ന് യുവതി പോലീസിനോട് പറഞ്ഞു. തന്നെ മുറിയിൽ പൂട്ടിയിട്ട ശേഷം പിതാവും കാമുകനും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി.
Most Read| രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനം; സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ








































