കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28ന് മുൻപ് ക്യാമറ ഘടിപ്പിക്കണമെന്ന നിർദ്ദേശത്തിനെതിരെ ബസുടമകൾ രംഗത്ത്. ഫെബ്രുവരി 28 നകം ക്യാമറ വെയ്ക്കണമെന്നത് അപ്രായോഗികമാണെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സർവീസുകൾ നിർത്തി വെക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റ്സ് ഓർഗനൈസേഷൻ അറിയിച്ചു.
ബസുകളിൽ ക്യാമറ ഘടിപ്പിക്കാനാവശ്യമായ ചിലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, ആവശ്യമായ മുഴുവൻ തുകയും റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകണമെന്നാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്നത്.
‘ക്യാമറക്ക് വേണ്ടി പണം ചിലവാക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ല. ബസിന്റെ ടെസ്റ്റ് വരുന്നതിന് മുമ്പായി ക്യാമറകൾ വെക്കാം. ഒരുമിച്ചു ഇത്രയധികം ബസുകളിൽ സിസിടിവി സ്ഥാപിക്കുമ്പോൾ നിലവാരമുള്ള ക്യാമറകൾ ലഭ്യമാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അനുകൂല നടപടി ഇല്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ സർവീസുകൾ നിർത്തിവെക്കും’-ബസുടമകൾ വ്യക്തമാക്കി.
ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത് എന്നാണ് ഉത്തരവ്. കെഎസ്ആർടിസി ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബസുകളുടെ മൽസരയോട്ടം സംബന്ധിച്ച് പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്.
ഓരോ ബസുകളും നിയമ വിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമ ലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും. ഇതിന് പുറമെ ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാനും യോഗം തീരുമാനിച്ചു.
Most Read: ‘വരുമാനം വിദേശത്തേക്ക് വകമാറ്റി’; ബിബിസിയിൽ ക്രമക്കേടുകളെന്ന് ആദായനികുതി വകുപ്പ്








































