തിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം സിപിഐഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്.
“കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐ- ഡിവൈഎഫ്ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവര്‍ക്ക് ദുഖമല്ല ആഹ്ളാദമാണ്. ധീരജ് മരിച്ചു എന്നറിഞ്ഞപ്പോള്‍ എന്റെ നാട്ടിലെ സിപിഐഎമ്മുകാര്‍ ആദ്യം ചെയ്തത് അദ്ദേഹത്തിന് സ്മാരകം കെട്ടേണ്ട ഭൂമി വിലകൊടുത്തു വാങ്ങി എന്നതാണ്. ദുഖിക്കേണ്ട സന്ദര്‍ഭത്തില്‍ ഏതെങ്കിലും പാര്‍ട്ടി രക്തസാക്ഷി മണ്ഡപത്തെ കുറിച്ച് ചിന്തിക്കുമോ”- കെ സുധാകരന് ചോദിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം നിര്‍ദേശം നല്കി. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചന നടന്നെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം, കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.
തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ പോലീസ് ഇന്ന് തന്നെ സമർപ്പിക്കും. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. നിഖിലിനും ജോജോയ്ക്കും പുറമേ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ്ഐആറിൽ പ്രതി ചേർത്തിട്ടുണ്ട്.
Read also: അനീറയ്ക്ക് ട്രാൻസ് വനിതയായി തന്നെ ജീവിക്കാം; ജോലി തിരികെ കിട്ടും, ഇടപെട്ട് മന്ത്രി







































