തിരുവനന്തപുരം: മുഖ്യമന്ത്രി ഭീരുവാണെന്നും ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെഎസ് ശബരിനാഥനെ കൊലപാതകശ്രമം, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ വേളയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
എന്നാൽ നിയമമന്ത്രി പി രാജീവ് ഇതിന് മറുപടി നല്കി. കോടതി പരിശോധിച്ചു ജാമ്യം അനുവദിച്ചു നിൽക്കുന്നു എന്നതാണ് സാഹചര്യം. നിയമസഭയില്‍ ഇതേക്കുറിച്ച് പ്രസ്താവന നടത്തിയാല്‍ അത് കേസിനെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗൗരവം ഉള്ള കേസാണിത്. സഭയിലെ ചർച്ച കേസിനെ ബാധിക്കുമെന്നും ചട്ടങ്ങള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. എന്നാല്‍ സോളാർ കേസ് 7 പ്രാവശ്യം സഭയില്‍ ചർച്ച ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ബാർ കോഴ കേസ് 4 പ്രാവശ്യം ചര്‍ച്ച ചെയ്തു. സൗകര്യത്തിന് വേണ്ടി റൂള്‍ ഉദ്ധരിക്കുന്നത് ശരിയല്ല. കേസിനെ ബാധിക്കുന്നത് അല്ല പ്രശ്നമെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ സാധാരണ നിയമ നടപടിയെ കുറിച്ചാണ് നോട്ടീസെന്നും അടിയന്തര സാഹചര്യം കാണുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി. തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
Read Also: നാഗാലാൻഡ് വെടിവെപ്പ്, സൈനികർക്കെതിരായ നടപടികൾ നിർത്തിവെക്കണം; സുപ്രീം കോടതി








































