ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാട്ടുകാർ കൂക്കിവിളിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ജനപക്ഷം ചെയർമാനും സ്‌ഥാനാർഥിയുമായ പിസി ജോർജ്. ഭീകരവാദം അവസാനിപ്പിക്കാൻ തയാറാവാത്ത കാലത്തോളം നിങ്ങളുമായി ഒരു സന്ധിക്കില്ല. തീവ്രവാദ സ്വഭാവമുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്‌ലിം സമുദായ അംഗങ്ങൾ തനിക്കൊപ്പമാണെന്നും പിസി ജോർജ് പറഞ്ഞു.
തീക്കോയി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് വോട്ട് ചോദിക്കാനെത്തിയ പിസി ജോർജിനെ നാട്ടുകാർ കൂക്കിവിളിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹന പര്യടനം നടത്തുന്നതിനിടെ ആയിരുന്നു പിസി ജോർജിനെതിരെ പ്രതിഷേധം ഉണ്ടായത്.
സംസാരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തെ ചിലർ കൂക്കി വിളിക്കുകയായിരുന്നു. ഇതോടെ പിസി ജോർജ് ഇവർക്കെതിരെ തിരിഞ്ഞു. സൗകര്യമുണ്ടെങ്കിൽ മാത്രം തനിക്ക് വോട്ട് ചെയ്‌താൽ മതിയെന്ന് പറഞ്ഞ അദ്ദേഹം സ്‌ഥാനാർഥിക്ക് വോട്ട് ചോദിക്കാൻ അനുവാദമില്ലെന്ന് ആരാണ് പറഞ്ഞതെന്നും ചോദിച്ചു.
മാത്രവുമല്ല മെയ് രണ്ട് കഴിഞ്ഞ് ഞാൻ എംഎൽഎ ആണെന്ന് ഓർത്തോ എന്നും നിങ്ങളുടെയൊക്കെ വോട്ടില്ലാതെ തന്നെ ഞാൻ എംഎൽഎ ആയിട്ട് ഇവിടെ വരുമെന്നും പിസി വെല്ലുവിളിച്ചു. തുടർന്ന് സഭ്യമല്ലാത്ത രീതിയിലുള്ള പദപ്രയോഗങ്ങളും അദ്ദേഹം നടത്തി, ഒരിക്കൽ കൂടി വോട്ട് അഭ്യർഥിച്ച ശേഷമാണ് പിസി ജോർജ് മടങ്ങിയത്.
Read also: അഴിമതിയുടെ ക്യാപ്റ്റനാണ് പിണറായി വിജയൻ; രണ്‍ദീപ്‌സിങ് സുര്‍ജേവാല







































