തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദ്യഘട്ട വാക്‌സിൻ വിതരണത്തിന് 665 ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തും. പതിനാല് ജില്ലകളിലായി 133 കേന്ദ്രങ്ങളാണ് സജ്‌ജമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും ഡോക്‌ടർ ഉണ്ടാകണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. വാക്‌സിനുകൾ ജനുവരി 13ന് സംസ്‌ഥാനത്ത് എത്തുമെന്നാണ് സൂചന.
ഓരോ കേന്ദ്രങ്ങളിലും നാല് വാക്‌സിനേഷൻ ഓഫീസർമാർ വീതമാണ് ഉണ്ടാകുക. പ്രവേശന കവാടത്തിൽ നിൽക്കുന്ന ജീവനക്കാരനാണ് ഒന്നാമത്തെ ഓഫീസർ. ലിസ്‌റ്റിൽ പേരുണ്ടോ എന്നും മാസ്‌ക്, സാനിറ്റൈസർ ഉപയോഗം എന്നിവയും ഇദ്ദേഹമായിരിക്കും പരിശോധിച്ച് ഉറപ്പ് വരുത്തുക. രണ്ടാമത്തെ ഉദ്യോഗസ്‌ഥൻ വാക്‌സിൻ നൽകുന്ന മുറിയിൽ ഫോട്ടോ ഐഡിയും രജിസ്‌ട്രേഷനും ഉറപ്പാക്കും. കുത്തിവെപ്പ് നൽകുന്ന നഴ്‌സിനെ വാക്‌സിനേറ്റർ ഓഫീസർ എന്നാണ് വിളിക്കുക.
കുത്തിവെപ്പിന് ശേഷം പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കുന്ന മുറിയിലാണ് മൂന്നാമത്തെ ഓഫീസർ ഇരിക്കുക. വേണ്ട മാർഗനിർദ്ദേശം നൽകാൻ നാലാമത്തെ ഓഫീസർ കേന്ദ്രത്തിന് പുറത്തുണ്ടാകും. ഡോക്‌ടർ വേണമെന്ന് നിർബന്ധമില്ലെങ്കിലും സംസ്‌ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ഡോക്‌ടറുടെ സേവനം ഉണ്ടായിരിക്കും.
പ്രാഥമിക, ജില്ലാ, താലൂക്ക് ആശുപത്രികൾ നൂറിലേറെ ആരോഗ്യ പ്രവർത്തകരുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി 133 കേന്ദ്രങ്ങളാണ് വാക്‌സിൻ വിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
Also Read: തിരഞ്ഞെടുപ്പ് നടപടികളില്‍ വീഴ്‌ച വരുത്തിയവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്; കമ്മീഷന്‍







































