കോഴിക്കോട്: കാവിലുംപാറ പഞ്ചായത്തിലെ ചൂരണി മേഖലയിലെ ഭൂമിയിൽ ജണ്ട കെട്ടാൻ വനംവകുപ്പ് തീരുമാനം. കർഷകരുടെ കൈവശമുള്ള രേഖകൾ പരിശോധിച്ച് ഭൂമിയിൽ സർവേ നടത്തി തർക്കമില്ലാത്ത സ്‌ഥലത്ത് ജണ്ട സ്‌ഥാപിക്കാനാണ് തീരുമാനിച്ചത്. ഇകെ വിജയൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും കർഷകരുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
വനം അതിർത്തിയിലുള്ള സ്‌ഥലം കർഷകർക്ക് താൽപര്യമുണ്ടെങ്കിൽ വനം വകുപ്പിന് വിട്ടുകൊടുക്കാം. ഇങ്ങനെ വിട്ടുകൊടുക്കുന്ന ഭൂമിക്ക് അർഹമായ നഷ്‌ടപരിഹാരം നൽകുമെന്ന് ഡിഎഫ്ഒ എം രാജീവൻ യോഗത്തിൽ വ്യക്‌തമാക്കി. എംഎൽഎ, ഡിഎഫ്ഒ എന്നിവർ ചൂരണി പ്രദേശം സന്ദർശിച്ചു. 6 മാസം മുൻപ് ചൂരണിയിലെ 12 കർഷകരുടെ ഭൂമിയിൽ ജണ്ട കെട്ടാനുള്ള വനം വകുപ്പിന്റെ നീക്കം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തി വച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ മാസം എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേർത്ത് കർഷകരുടെ രേഖകൾ വനം വകുപ്പിന് നൽകാൻ തീരുമാനിച്ചു. ഇതേ തുടർന്നാണ് ഇന്നലെ വീണ്ടും പഞ്ചായത്ത് ഓഫിസിൽ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു ചേർത്തത്. പഞ്ചായത്ത് പ്രസിഡണ്ട് പിജി ജോർജ്, വൈസ് പ്രസിഡണ്ട് അന്നമ്മ ജോർജ്, വാർഡ് മെമ്പർ പി അനിൽകുമാർ, എആർ വിജയൻ, റോബിൻ ജോസഫ്, ബോബി മൂക്കൻതോട്ടം, പിഎസ് രാജപ്പൻ, പികെ പുരുഷോത്തമൻ എന്നിവരും യോഗത്തിൽ പ്രസംഗിച്ചു.
Most Read: റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കാൻ മന്ത്രിക്ക് ‘പാട്ടെഴുതി’ മുൻ പഞ്ചായത്തംഗം

































