തൃശൂർ: തിരുവില്വാമലയിൽ ആറാം ക്‌ളാസ് വിദ്യാർഥിയെ ബസിൽ നിന്ന് കണ്ടക്‌ടർ പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ബാലാവകാശ കമ്മീഷന് നിർദ്ദേശം നൽകി. അതേസമയം, കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പഴയന്നൂർ പോലീസ് ഇന്ന് മൊഴിയെടുക്കും.
പഴമ്പാലക്കോട് എസ്എംഎം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ളാസ് വിദ്യാർഥിനിക്കാണ് ഇന്നലെ സ്വകാര്യ ബസിൽ നിന്ന് ദുരനുഭവം ഉണ്ടായത്. നൽകിയ ബസ് ചാർജ് കുറവാണെന്ന് പറഞ്ഞാണ് വിദ്യാർഥിനിയെ ബസ് കണ്ടക്‌ടർ പാതിവഴിയിൽ ഇറക്കിവിട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്‌കൂൾ വിട്ടു വീട്ടിലേക്കുള്ള യാത്രയിലാണ് സംഭവം. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പെൺകുട്ടിക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്.
കുട്ടിയുടെ കൈയിൽ രണ്ടുരൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ, കാട്ടുകുളത്തേക്ക് അഞ്ചുരൂപ വേണമെന്നായിരുന്നു കണ്ടക്‌ടർ ആവശ്യപ്പെട്ടത്. തുടർന്ന് കൈയിൽ അഞ്ചുരൂപ ഇല്ലായെന്ന് പറഞ്ഞപ്പോൾ കുട്ടിയെ വീടിന് രണ്ടു കിലോമീറ്റർ അകലെയുള്ള ഒരു ബസ് സ്‌റ്റോപ്പിൽ ഇറക്കിവിട്ടു. കണ്ടക്‌ടറുടെ നടപടിയെ തുടർന്ന് സ്‌റ്റോപ്പിൽ കരഞ്ഞു നിന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.
തുടർന്ന് സംഭവത്തിൽ ഒറ്റപ്പാലം റൂട്ടിലോടുന്ന അരുണ ബസിനെതിരെ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
Most Read| ‘ഒരു മകളായി കണ്ടു വാൽസല്യത്തോടെ പെരുമാറി; മാദ്ധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ചു സുരേഷ് ഗോപി