പാലക്കാട്: ജില്ലയിലെ തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ മരിച്ച ഐശ്വര്യയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. അമിത രക്തസ്രാവം ഉണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരുള്ളൂവെന്നാണ് പാലക്കാട് ഡിവൈഎസ്പി അറിയിച്ചത്. ഐശ്വര്യയുടെ കുഞ്ഞും പ്രസവത്തോടെ മരിച്ചിരുന്നു.
തുടർന്ന്, ചികിൽസാ പിഴവ് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ, ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ചികിൽസാ പിഴവിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡോ.അജിത്, ഡോ.നിള, ഡോ. പ്രിയദർശിനി എന്നിവർക്ക് എതിരെയാണ് കേസ് എടുത്തത്. യുവജന കമ്മീഷനും സ്വമേധയാ കേസടുത്തിട്ടുണ്ട്.
അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. യുവജന കമ്മീഷൻ അംഗം ടി മഹേഷാണ് റിപ്പോർട് ആവശ്യപ്പെട്ടത്. ഐശ്വര്യ ഇന്നും നവജാത ശിശു ഇന്നലെയുമാണ് മരിച്ചത്. തുടർന്ന്, ചികിൽസാ പിഴവുണ്ടായെന്നും ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഐശ്വര്യയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഐശ്വര്യയെ നേരത്തെ പരിശോധിച്ച ഡോക്ടറല്ല പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ചതെന്നും അവർ ആരോപിക്കുന്നു. നിലവിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം ആശുപത്രിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ബന്ധുക്കളുടെ പരാതികൾ കൃത്യമായി പരിശോധിക്കുമെന്നും അതിന് ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും പോലീസ് വ്യക്തമാക്കി.
Most Read: പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകൾ; മൂന്ന് പേർ അറസ്റ്റിൽ






































