സിഡ്നി: ഓസ്ട്രേലിയക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ വനിതകൾ. ഓസ്ട്രേലിയൻ മണ്ണിൽ സന്ദർശനത്തിന് എത്തിയ ടീമുകളിൽ ഏറ്റവും മികച്ച ടെസ്റ്റ് ടോട്ടൽ എന്ന റെക്കോർഡാണ് ഇന്ത്യൻ വനിതകൾ ഇന്ന് സ്വന്തമാക്കിയത്. ന്യൂസിലാൻഡ് വനിതാ ടീമിന്റെ 49 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇന്ത്യ തകർത്തത്.
കിവീസ് 1972ൽ നേടിയ 335 റൺസ് ആയിരുന്നു ഓസ്ട്രേലിയൻ മണ്ണിലെ അതിഥി ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ. അതേസമയം, ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷന് അവസാനിക്കുമ്പോള്‍ ഇന്ത്യ 359/7 എന്ന ശക്തമായ നിലയിലാണ് ഉള്ളത്. മൽസരത്തിന്റെ ആദ്യ രണ്ട് ദിവസവും നല്ല രീതിയിൽ മഴ മൂലം കളി തടസപ്പെട്ടതിനാൽ തന്നെ മൽസരം സമനിലയിൽ അവസാനിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
ഇന്ന് ഇന്ത്യക്ക് തുടക്കത്തിൽ തന്നെ താനിയ ഭാട്ടിയയുടെ (22) വിക്കറ്റാണ് നഷ്ടമായത്. സ്റ്റെല്ല കാംപെല്ലിനാണ് താനിയയുടെ വിക്കറ്റ് ലഭിച്ചത്. ദീപ്തി ശര്‍മ്മ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായി. 58 റൺസുമായി ദീപ്തി ശര്‍മ്മ ക്രീസിലുണ്ട്.
ഇന്നത്തെ ഡിന്നര്‍ ബ്രേക്കിന് മുൻപുള്ള അവസാന ഓവറിൽ പൂജ വസ്ത്രാകറിനെ ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു. 13 റൺസ് നേടിയ പൂജയെ വീഴ്ത്തി എലിസ പെറി മൽസരത്തിലെ തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന സെഞ്ചുറി നേടിയിരുന്നു.
Read Also: ശിവാജി ഗണേശന് ആദരമർപ്പിച്ച് ഗൂഗിൾ








































