തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക താരമായിരുന്ന ശിവാജി ഗണേശന് ആദരമർപ്പിച്ച് ഗൂഗിൾ. ഇന്ന് ഒക്‌ടോബർ 1 അദ്ദേഹത്തിന്റെ ജൻമദിനം പ്രമാണിച്ചാണ് ലോക സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ അവരുടെ ‘ഡൂഡിൽ’ സംവിധാനം വഴി ‘നടികർ തിലകം’ ശിവാജി ഗണേശന് ആദരമർപ്പിച്ചത്.
ചരിത്രപ്രാധാന്യമുള്ള വ്യക്‌തികളുടെയോ, ആഘോഷങ്ങളുടെയോ സ്‌മരണാർഥം ഗൂഗിളിന്റെ പ്രധാനതാളിൽ അഥവാ ഹോം പേജിൽ ലോഗോയിൽ വരുത്തുന്ന താൽകാലിക പരിഷ്‌കരണമാണ് ഗൂഗിൾ ഡൂഡിൽ (Google Doodle). 1998ലാണ് ആദ്യ ‘ഡൂഡിൽ’ ഗൂഗിൾ അവതരിപ്പിച്ചത്. അന്നുമുതൽ ഇന്നുവരെ 5000ത്തോളം ഡൂഡിൽ വന്നു എന്നാണ് ഏകദേശ കണക്ക്. അതിൽ ആദ്യമായാണ് ഒരു തമിഴ് നടന്റെ സ്‌മരണാർഥം ഡൂഡിൽ വരുന്നത്.
1927 ഒക്‌ടോബർ 1ന് ജനിച്ച ശിവാജി ഗണേശൻ 1952മുതൽ തമിഴ് സിനിമയിൽ സജീവമായി. 2001 ജൂലൈ 21ന് മരണപ്പെടുന്നതുവരെ തമിഴ് ജനതയുടെ ‘പൾസ്’ ആയാണ് നിലകൊണ്ടത്. ഇതിനെ മാനിച്ചാണ് ഗൂഗിൾ, അവരുടെ ഇന്ത്യലെ സെർച്ച് ഹോമിൽ ശിവാജിക്കായി ഡൂഡിൽ തീർത്തത്. ബെംഗളൂരുവിൽ നിന്നുള്ള കലാകാരൻ നൂപുർ രാജേഷ് ചോക്‌സിയാണ് ഡൂഡിൽ രൂപ കൽപന ചെയ്‌തിരിക്കുന്നത്.
‘ഇന്ത്യയിലെ ആദ്യത്തെ ‘തനത് രീതിയിലുള്ള’ അഭിനേതാക്കളിൽ ഒരാളെന്നും രാജ്യത്തെ എക്കാലത്തെയും ഏറ്റവും സ്വാധീനമുള്ള നടൻമാരിൽ ഒരാളെന്നുമാണ്’ ഗൂഗിൾ ‘നടികർ തിലകത്തിനെ’ വിശേഷിപ്പിച്ചത്. ‘ശിവാജി കണ്ട ഹിന്ദുരാജ്യം’ എന്ന നാടകത്തിലെ മികച്ച പ്രകടനത്തിനു ശേഷമാണ് ഗണേശൻ എന്നതിനൊപ്പം ‘ശിവാജി’ എന്ന പേരുകൂടി ചേർത്ത് ആളുകൾ വിളിക്കാൻ ആരംഭിച്ചത്.
അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ നടനാണ് ശിവാജി ഗണേശൻ. 1962ൽ ഇന്ത്യയുടെ സാംസ്‌കാരിക പ്രതിനിധിയായി ശിവാജി യുഎസ് സന്ദർശിച്ചു. അന്നത്തെ പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയുടെ ക്ഷണപ്രകാരം യുഎസിൽ എത്തുന്ന ആദ്യ ഇന്ത്യൻ കലാകാരനാണ് ഗണേശൻ. 1995ൽ ഫ്രാൻസ് ഇദ്ദേഹത്തിന് ഏറ്റവും ഉയർന്ന അലങ്കാരമായ ‘ഷെവലിയർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി ലീജിയൻ ഓഫ് ഹോണർ’ നൽകി ആദരിച്ചു. 1997ൽ ഇന്ത്യൻ സർക്കാർ സിനിമയുടെ പരമോന്നത ബഹുമതിയായ ‘ദാദാസാഹിബ് ഫാൽക്കെ അവാർഡ്’ നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
ഒട്ടനവധി മലയാളം സിനിമകളിലും ശിവാജി ഗണേശൻ അഭിനയിച്ചിട്ടുണ്ട്. പ്രിയദർശൻ രചന നിർവഹിച്ച്, പ്രതാപ് പോത്തൻ സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമായ ‘ഒരു യാത്രാമൊഴി’ എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയംകവർന്ന ഈ മഹാനടൻ 1955 വരെ ‘ദ്രാവിഡ മുന്നേറ്റ കഴകം’ പാർട്ടിയിൽ അംഗമായിരുന്നു. ഒരു വിവാദത്തിൽ പെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം 1961ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയും മരണംവരെ അതിൽ തുടരുകയും ചെയ്‌തു. 1966ൽ പത്‌മശ്രീയും 1984ൽ പത്‌മഭൂഷനും ലഭിച്ചിരുന്നു.
Most Read: ലേഖനങ്ങള്‍ കമ്യൂണിസ്‌റ്റ്- മാവോയിസ്‌റ്റ് അനുകൂലം; സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം