കൊല്ലം : സംസ്‌ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ഇടത് മുന്നണി വലിയ വിജയം നേടുമെന്ന് പ്രഖ്യാപിച്ച് മുകേഷ് എംഎല്‍എ. കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടവരാണെന്നും, അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വലിയ വിജയം നേടുമെന്ന് പറയാന്‍ കാരണമെന്നും അദ്ദേഹം വ്യക്‌തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പുകമറ സൃഷ്‌ടിക്കുന്ന വിവാദങ്ങള്‍ ഒന്നും തന്നെ ജനങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ജനങ്ങള്‍ യാഥാര്‍ഥ്യം മനസിലാക്കുമെന്ന് ഉറപ്പുള്ളതിനാല്‍ തന്നെയാണ് വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറയുന്നതെന്നും മുകേഷ് വ്യക്‌തമാക്കി.
ജനങ്ങള്‍ നോക്കുന്നത് അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ട കാര്യങ്ങളാണ്. പട്ടിണിയില്ലാത്തതും, കൃത്യ സമയത്ത് ലഭിക്കുന്ന പെന്‍ഷനും ഒക്കെയാണ് ജനങ്ങള്‍ ശ്രദ്ധിക്കുന്നത്. അതിനാല്‍ തന്നെ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും, ജനങ്ങള്‍ യാഥാര്‍ഥ്യം മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ കൊല്ലത്ത് ഇടത് മുന്നണി ചരിത്ര വിജയം നേടുമെന്ന ആത്‌മവിശ്വാസവും അദ്ദേഹം മാദ്ധ്യമങ്ങളോട് പങ്കുവച്ചു.
Read also : തദ്ദേശ തിരഞ്ഞെടുപ്പ്; വയനാട്ടിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും







































