ന്യൂഡെല്‍ഹി: ബിജെപി ആരെ ലക്ഷ്യംവെച്ചാണ് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരുന്നത് എന്നകാര്യം ഏവർക്കും വ്യക്‌തമാണെന്ന് ശശി തരൂര്‍ എംപി. പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജെപിക്കെതിരെ എംപി പ്രതികരിച്ചത്.
“ഒരു പ്രത്യേക മതവിഭാഗത്തെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. അടുത്ത വര്‍ഷത്തേക്ക് രാജ്യം നേരിടാന്‍ പോകുന്ന ഭീഷണി ജനസംഖ്യാ വര്‍ധനവ് അല്ല. അത് വൃദ്ധരുടെ എണ്ണത്തിലെ വര്‍ധനവാണ്”- തരൂര്‍ പറഞ്ഞു. അസമും, യുപിയും ലക്ഷദ്വീപും ജനസംഖ്യാ നിയന്ത്രണത്തിന് തിടുക്കം കാണിക്കുന്നതിന് പിന്നിൽ തികച്ചും രാഷ്‌ട്രീയവും വര്‍ഗീയവുമായ നീക്കമാണെന്ന് ഏവർക്കും വ്യക്‌തമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സംസ്‌ഥാനത്ത് ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടതായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അറിയിച്ചത്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സർക്കാർ ആനുകൂല്യവും ജോലിയും നിഷേധിക്കുന്നതാണ് കരട് ബിൽ. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. നിലവിൽ സർക്കാർ ജോലി ഉള്ള വ്യക്‌തി ആണെങ്കിൽ സ്‌ഥാനക്കയറ്റം നിഷേധിക്കുമെന്നും കരട് ബില്ലിൽ വ്യക്‌തമാക്കുന്നു. നേരത്തെ അസമും സമാന നിയമം കൊണ്ടുവന്നിരുന്നു.
Read also: മാംസനിരോധനം അടിച്ചേല്‍പ്പിക്കാൻ സാധിക്കില്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി







































