വയനാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്രാൻസ്പോർട് കോർപറേഷൻ ബസുകൾ ഇരു സംസ്ഥാനങ്ങളിലേക്കും സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. മലപ്പുറം-വയനാട് അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ പന്തല് താലൂക്കിലെ നിരവധി പേരാണ് ദിനംപ്രതി വഴിക്കടവ് വഴി മലപ്പുറം, പെരിന്തൽമണ്ണ, കോഴിക്കോട് ഭാഗത്തേക്കും വൈത്തിരി പാട്ടവയൽ വഴി വയനാടിന്റെ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നത്.
ജീപ്പ് സർവീസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അമിത ചാർജ് നൽകണം. ടാക്സി വിളിച്ചു പോയി വരണമെങ്കിൽ 3000 മുതൽ 4000 രൂപ ചിലവാകുമെന്ന് യാത്രക്കാർ പറയുന്നു. ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് കെഎസ്ആർടിസിയുടെ മലബാർ ബസുകളാണ്. പെരിന്തൽമണ്ണ, തൃശൂർ, കൽപ്പറ്റ, മലപ്പുറം, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ നിന്ന് ഇരുഭാഗത്തേക്കും ഏറെ സർവീസുകളുണ്ട്. കർണ്ണാടകയിലേക്ക് തൃശൂർ-മൈസൂർ ബസും ഉണ്ട്.
രാവിലെ ഗൂഡല്ലൂരിൽ നിന്ന് പുറപ്പെടുന്ന പെരിന്തൽമണ്ണ-ഗൂഡല്ലൂർ മലബാർ ബസിന് ദിനംപ്രതി 21,000 രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഗൂഡല്ലൂരിലെ സാമൂഹിക പ്രവർത്തകൻ ടി രഘുനാഥ് കേരള ട്രാൻപോർട് അധികൃതർക്കും വകുപ്പ് മന്ത്രിക്കും നിവേദനം അയച്ചിട്ടുണ്ട്. നീലഗിരി സർവീസ് തുടങ്ങുന്നതിന് അനുകൂല നടപടി എടുക്കുന്നില്ലെന്നാണ് പരാതി.
Most Read: മഴ ശക്തം; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി






































