കണ്ണൂർ: എരഞ്ഞോളി പുതിയ പാലം ഉൽഘാടനത്തിന് സജ്ജമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഈ മാസം 31ന് പാലം നാടിന് സമർപ്പിക്കും. തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായ പാലത്തിൽ മിനുക്കുപണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. 94 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.20 കോടി രൂപാ ചിലവിലാണ് നിർമിച്ചത്. നിർമാണം തുടങ്ങിയ ശേഷം 2016ൽ പൊളിച്ചു പണിയേണ്ടി വന്നതാണ് പാലത്തിന്റെ പൂർത്തീകരണം വൈകാൻ കാരണമായത്.
ജലപാതയുടെ ഭാഗമായതിനാൽ പാലത്തിന്റെ ഉയരം കൂട്ടണമെന്ന ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു പാലത്തിൽ പൊളിച്ചുപണി നടത്തിയത്. അഞ്ച് മീറ്റർ ഉയരം ലഭിക്കുന്നതിനായി അധിക ഭൂമി ഏറ്റെടുത്ത് രൂപരേഖ പരിഷ്കരിച്ച് പുനർനിർമിക്കുകയായിരുന്നു. പാലം ഒഴികെയുള്ള റോഡ് നിർമാണം കഴിഞ്ഞ വർഷം ജനുവരിയിൽ പൂർത്തിയായിരുന്നു.
നടപ്പാത, സൂചനാ ബോർഡുകൾ, സോളാർ തെരുവ് വിളക്കുകൾ എന്നിവയുടെ പാലത്തിന്റെ ഭാഗമായി സജ്ജമാക്കുന്നുണ്ട്. ഇരുവശങ്ങളിലുമായി 12 മീറ്റർ നീളവും വീതിയുമുള്ള നടപ്പാതയും നിർമിച്ചിട്ടുണ്ട്. ഉയരം കൂടിയത് കാരണം ഗാബിയോൺ സുരക്ഷാ ഭിത്തിയോടുകൂടിയാണ് സമീപന റോഡ് സജ്ജമാക്കിയത്. അഹമ്മദാബാദിലെ ദിനേശ് ചന്ദ്ര ആർ അഗർവാൾ ഇൻഫ്റോക്കോൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാറുകാർ.
Most Read: ഒമൈക്രോൺ ഭീഷണി; നഗരങ്ങൾ സമൂഹവ്യാപന ഘട്ടത്തിൽ








































