ബദിയടുക്ക: കാസർഗോഡ് മെഡിക്കൽ കോളേജിൽ ഔട്ട്പേഷ്യന്റ് (ഒപി) ചികിൽസ ജനുവരി മൂന്നിന് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇന്ന് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. എ റംലാബീവി ഉക്കിനടുക്കയിലെത്തും. നിലവിലുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ഏതൊക്കെ വിഭാഗങ്ങളിലാണ് ഒപി തുടങ്ങേണ്ടതെന്ന് തീരുമാനിക്കാനുമാണ് ഡയറക്ടറുടെ സന്ദർശനം.
ഒപി തുടങ്ങിക്കഴിഞ്ഞാൽ പരിശോധനയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ മരുന്ന് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനുമായി (കെഎംഎസ്സിഎൽ.) ഇതുസംബന്ധിച്ച കരാർ തയ്യാറായിക്കഴിഞ്ഞു. മൂന്ന് ഫാർമസിസ്റ്റുകളെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനും നടപടിയായിട്ടുണ്ട്.
ഡിസംബർ ആദ്യവാരം ഒപി തുടങ്ങുമെന്ന് അടുത്തിടെ മെഡിക്കൽ കോളേജ് സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നെങ്കിലും ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്ന വാർത്തകളാണ് പുറത്തുവന്നത്. നഴ്സുമാരെയും റേഡിയോഗ്രാഫർമാർ ഉൾപ്പടെയുള്ള ജീവനക്കാരെയും മാറ്റുന്നതിനിടയിൽ ന്യൂറോളജിസ്റ്റിനെ നിയമിച്ചെന്നതു മാത്രമായിരുന്നു ആശ്വാസകരമായ വാർത്ത.
ന്യൂറോളജി ഒപി തുടങ്ങുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. എട്ട് വിഭാഗങ്ങളിലായി ജനറൽ ഒപിയാണ് ആദ്യമായി തുറക്കുകയെന്നാണ് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടവർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 പേർക്ക് വീതം ടോക്കൺ നൽകിയായിരിക്കും ഒപി പ്രവർത്തിക്കുകയെന്നും അതിനായി ഒൻപത് ഡോക്ടർമാരെയും 12 നഴ്സുമാരെയും റേഡിയോഗ്രാഫർ, ഇലക്ട്രീഷൻ എന്നിവരെയും ആശുപത്രിയിൽ നിലനിർത്തുമെന്നും അറിയിപ്പുണ്ടായിരുന്നു.
എന്നാൽ, കൂട്ട സ്ഥലംമാറ്റത്തിനുശേഷം നിലവിലുള്ളത് 13 ഡോക്ടർമാരും രണ്ട് സ്റ്റാഫ് നഴ്സുമാരും ഒരു ഹെഡ് നഴ്സ്, ഒരു നഴ്സിങ് സൂപ്രണ്ട്, നാല് നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് വൺ, റേഡിയോഗ്രാഫർ ഒന്ന്, ഒരു ഇലക്ട്രീഷൻ, ഒരു ഫാർമസിസ്റ്റ്, സ്റ്റോർകീപ്പർ എന്നിവരും മാത്രമാണ്.
Also Read: ഷാൻ വധക്കേസ്; ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽ







































