താമരശ്ശേരി: കോഴിക്കോട്-വയനാട് ജില്ലകളുടെ വികസനക്കുതിപ്പിന് അനിവാര്യമായ ചിപ്പിലിത്തോട് -മരുതിലാവ്- തളിപ്പുഴ- വയനാട് ചുരം ബൈപ്പാസിന് വീണ്ടും ചിറകു മുളയ്‌ക്കുന്നു. തിങ്കളാഴ്‌ച നടന്ന നിയമസഭയിൽ ടി സിദ്ദിഖ് എംഎൽഎ ചുരം ബൈപ്പാസിന്റെ ആവശ്യകത ഉന്നയിച്ചിരുന്നു. ബൈപ്പാസ് അനിവാര്യമാണെന്നും മുടങ്ങി കിടക്കുന്ന പദ്ധതി എത്രയും പെട്ടെന്ന് തുടങ്ങണമെന്നുമായിരുന്നു എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നത്.
വായനാട്ടിലെക്കുള്ള പല പുതിയ റോഡുകളുടെയും നിർമാണം നടന്നിട്ടും ചുരം ബൈപ്പാസ് പദ്ധതി കടലാസിൽ ഒതുങ്ങി പോവുകയാണ് ചെയ്‌തത്. 2006ൽ പിജെ ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ രണ്ടു വർഷം കൊണ്ട് പൂർത്തിയാകുമെന്ന് പറഞ്ഞ പദ്ധതിയായിരുന്നു ഇത്. എന്നാൽ, പുതിയ പദ്ധതികൾ പലതും നടപ്പിലായതോടെ ചുരം ബൈപ്പാസ് അവഗണിക്കപ്പെടുകയാണ് ചെയ്‌തത്.
മന്ത്രി പിഎ മുഹമ്മദ് റിയാസ്, വയനാട് എംപി രാഹുൽ ഗാന്ധി, കോഴിക്കോട് എംപി എംകെ രാഘവൻ, എംവി ശ്രേയാംസ്‌കുമാർ എംപി, ഐസി ബാലകൃഷ്‌ണൻ എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ തുടങ്ങിയവർക്കും വയനാട് ചുരം ബൈപ്പാസ് ആക്‌ഷൻ കമ്മിറ്റി നിവേദനം നൽകിയിരുന്നു.
ചുരം പദ്ധതി എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കി മലബാറിന്റെ വികസന കുതിപ്പിന് ഒരു മുതൽക്കൂട്ടാക്കണമെന്ന് നിയമസഭയിൽ ചർച്ച നടന്നു. പദ്ധതി ഉടൻ പ്രവർത്തികമാക്കുമെന്ന് ജനപ്രതിനിധികളും ഉറപ്പ് നൽകിയിട്ടുണ്ട്.
Read Also: വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്ക് സമ്പൂർണ ലോക്ക്‌ഡൗൺ