കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് പെൺകുട്ടിയുടെ മാതാവ്. ‘ഇരയെ അവിശ്വസിക്കുന്ന, പ്രതിയെ സഹായിക്കുന്ന പോലീസ് സമീപനം ഇനിയെങ്കിലും മാറണം. മകളുടെ പ്രായം മാത്രമുള്ള സ്വന്തം വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കുറ്റം ചുമത്തണം. പീഡനത്തിനിരയായ കുട്ടിയുടെയും കുടുംബത്തിന്റെയും കണ്ണീര് കാണണം’- അമ്മ പറയുന്നു. നിലവിൽ കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ മുഴുവനായി മാറ്റി പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള കോടതി ഉത്തരവിനോടായിരുന്നു അവരുടെ പ്രതികരണം.
ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് പെൺകുട്ടിയുടെ അമ്മ തുറന്ന് പറഞ്ഞിരുന്നു. തുടർന്ന് ഐജിയെ അന്വേഷണത്തിൽ നിന്ന് നീക്കണമെന്നും മേൽനോട്ടം വനിതാ ഐപിഎസ് ഉദ്യോഗസ്‌ഥയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊഴി വിശ്വസിക്കാൻ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് ഐജിയുടെ ഫോൺ സംഭാഷണം പുറത്തുവരികയും പോക്‌സോ ഒഴിവാക്കുകയും ചെയ്‌തതിന്റെ അടിസ്‌ഥാനത്തിലാണ് അപേക്ഷ നൽകിയത്.
എന്നാൽ, അപേക്ഷ സർക്കാർ പരിഗണിച്ചിരുന്നില്ല. വനിതാ ഐപിഎസ് ഉദ്യോഗസ്‌ഥയെ സംഘത്തിൽ ഉൾപ്പെടുത്തിയെങ്കിലും അന്വേഷണത്തിന്റെ മേൽനോട്ടം ഐജി ശ്രീജിത്തിന് തന്നെ നൽകി. പെൺകുട്ടി കള്ളം പറയുകയാണെന്ന റിപ്പോർട്ടാണ് ഒടുവിൽ അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയത്. തുടർന്ന്, അന്വേഷണ സംഘത്തെ മാറ്റാൻ ആക്‌ഷൻ കമ്മിറ്റിയുടെ പിന്തുണ ലഭിച്ചതോടെയാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ബിജെപി പ്രവർത്തകനും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്‌മരാജൻ നാലാം ക്‌ളാസ് വിദ്യാർഥിയെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ പ്രകാരം പാനൂർ പോലീസ് കേസ് ചാർജ് ചെയ്‌തിരുന്നു. ശേഷം, ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്‌സോ ഒഴിവാക്കുകയാണ് ചെയ്‌തത്. അതിന് തൊട്ടടുത്ത ദിവസം തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. അതിന് പിന്നാലെ, ഐജിയുടെ ഫോൺ സംഭാഷണം പുറത്തുവരികയും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് മാതാവ് ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ, പെൺകുട്ടി കള്ളം പറയുകയാണെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്ന് മാതാവിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
Also Read: സ്‌ത്രീ-ദളിത് വിരുദ്ധതക്കും പീഡനങ്ങൾക്കുമെതിരെ പ്രതിഷേധം തീർത്ത് മഹിളാ കോൺഗ്രസ്