പാലക്കാട്: തുടർച്ചയായുള്ള കനത്ത മഴയിൽ പാലക്കാട് നെൽപ്പാടങ്ങളിൽ കൊയ്‌ത്തു പ്രതിസന്ധി. കതിരുകൾ വീഴുന്നതിനാൽ യന്ത്രം ഉപയോഗിച്ച് കൊയ്യാനാകുന്നില്ല. ജില്ലയിൽ 304 ഹെക്റ്റർ നെൽകൃഷി വെള്ളം കയറി നശിച്ചെന്ന് കർഷകർ പറയുന്നു. ഏറെ പ്രതീക്ഷയോടെ ഒന്നാം വിള കൊയ്യാൻ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മഴ എത്തിയത്.
പാടങ്ങളിൽ നിവര്‍ന്ന് നിന്ന നെൽക്കതിരുകൾ താഴെ വീണു. പലയിടത്തും കൊയ്‌തെടുക്കാൻ കഴിയുന്നില്ല. കടമെടുത്തും പാട്ടത്തിനെടുത്തും കൃഷി ഇറക്കിയവരാണ് ഇപ്പോൾ ദുരിതത്തിൽ ആയിരിക്കുന്നത്. വീണുപോയ നെൽച്ചെടികൾ യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുക്കാൻ സാധിക്കാത്തതിനാൽ മിക്ക പാടശേഖരങ്ങളിലെയും നെല്ല് മുളച്ച നിലയിലാണ്. തൊഴിലാളികളെ ഉപയോഗിച്ച് കൊയ്‌തെടുക്കാൻ ചിലവ് കൂടുമെന്നതും കർഷകരെ പ്രതിസന്ധിയിൽ ആക്കുന്നു.
ആലത്തൂർ, കുഴൽമന്ദം, ചിറ്റൂർ, കൊല്ലങ്കോട്, തേങ്കുറുശ്ശി, നെൻമാറ എന്നീ മേഖലകളിലാണ് കൂടുതൽ നാശനഷ്‌ടം ഉണ്ടായത്. മഴയത്ത്, കൊയ്‌തെടുത്ത നെല്ല് ഉണക്കാനും സൂക്ഷിക്കാനും കഴിയുന്നില്ല. നെല്ലിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ സംഭരണവും പ്രതിസന്ധിയിലാണ്.
Most Read: സഹപാഠിയുടെ പിതാവിന്റെ ചികിൽസക്കായി പണം സ്വരൂപിച്ച് വിദ്യാർഥികൾ







































