പാലക്കാട്: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ തുടരുന്ന അതിശക്‌തമായ മഴയിൽ അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞു വീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു.
പത്താം വളവിന് സമീപം പുലര്‍ച്ചെയാണ് സംഭവം. ഏഴാംമൈലിലും മരംവീണ് റോഡ് ഗതാഗതം തടസപ്പെട്ടു. മരം മുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം. നെല്ലിയാമ്പതി റോഡിലും മരം വീണു.
അതിശക്‌തമായ മഴയിൽ കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടമാണ് റിപ്പോർട് ചെയ്‌തത്. വിവിധ പ്രദേശങ്ങളിലായി പതിനാറോളം വീടുകളിൽ വെള്ളം കയറി. മെഴുകുംപാറ, മേലാമുറി ഭാഗങ്ങളിൽ കൃഷിനാശമുണ്ടായി. കാഞ്ഞിരം തരിശുപ്പാടം ഭാഗത്ത് ആറോളം വീടുകളിലാണ് വെള്ളം കയറിയത്.
കനത്ത മഴയിൽ തത്തേങ്ങലം പൊട്ടിത്തോട് കരകവിഞ്ഞൊഴുകി. ആനമൂളി പുഴയിൽ അമിത ജലപ്രവാഹം ഉണ്ടായി. ചേറുംകുളം, മുണ്ടക്കണ്ണി, കാഞ്ഞിരം എന്നിവിടങ്ങളിൽ തോട് കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് റോഡ് തകർന്നു.
നിർമാണം പുരോഗമിക്കുന്ന കാഞ്ഞിരം പൂഞ്ചോല റോഡിന്റെ ഇരട്ടക്കുളം ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. റോഡിന്റെ രണ്ടിടങ്ങളിലായി നൂറ്റമ്പത് മീറ്ററോളം ഭാഗത്താണ് വലിയരീതിയിൽ മണ്ണിടിച്ചിലുണ്ടായത്.
Most Read: സഹപാഠിയുടെ പിതാവിന്റെ ചികിൽസക്കായി പണം സ്വരൂപിച്ച് വിദ്യാർഥികൾ






































