ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ പ്രതി കൊലപ്പെടുത്തിയത് ബലാൽസംഗത്തിനിടെയെന്ന് റിമാൻഡ് റിപ്പോർട്. പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോൾ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപിടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ശേഷം കുഞ്ഞിന്റെ മേൽവസ്‌ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
പ്രതി അസ്‌ഫാക് ആലത്തിനെ കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏഴ് ദിവസത്തെ കസ്‌റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി നാളെ പരിഗണിക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളടക്കം ഒമ്പത് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പറക്കമുറ്റാത്ത കുഞ്ഞിനെ പിച്ചിച്ചീന്തിയ കൊടും ക്രിമിനലിനെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പോലീസിന്റെ ആവശ്യം.
ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്‌തമായ പരിശോധന വേണമെന്നാണ് പോലീസ് മുന്നോട്ട് വെക്കുന്ന ആവശ്യം. ബീഹാർ സ്വദേശിയെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യത്തിലും വിശദമായ പരിശോധന വേണമെന്നും പോലീസ് ആവശ്യപ്പെടുന്നു. പ്രതിയെ നാളെത്തന്നെ കസ്‌റ്റഡിയിൽ വാങ്ങി തുടർ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
അതേസമയം, സംഭവത്തിൽ പരസ്‌പരം പഴിചാരി രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ചു വിവിധ പാർട്ടികളുടെ മാർച്ചുകൾ നാളെ നടക്കും. പോലീസ് അനാസ്‌ഥക്കെതിരെ കോൺഗ്രസ് പോലീസ് സ്‌റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചപ്പോൾ, കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്‌ച ആരോപിച്ചാണ് ഇടതുമുന്നണിയുടെ നഗരസഭയിലേക്കുള്ള മാർച്ച്. അതിനിടെ പ്രതിഷേധവുമായി ബിജെപിയും എസ്‌പി ഓഫീസിലേക്ക് നാളെ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു








































