ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഡയറക്‌ടർ സഞ്‌ജയ് കുമാർ മിശ്രയുടെ കാലാവധി വീണ്ടും നീട്ടി. സെപ്‌റ്റംബർ 15 വരെ മിശ്രയ്‌ക്ക് ഡയറക്‌ടർ സ്‌ഥാനത്ത് തുടരാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇനി കാലാവധി നീട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കരുതെന്നും ചീഫ് ജസ്‌റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
ജൂലൈ 31ന് മിശ്രയുടെ സർവീസ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് പരിഷ്‌കരിച്ചു ഒക്‌ടോബർ 15 വരെ മിശ്രയെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും നേതാക്കൾ നൽകിയ ഹരജിയിലാണ് ജൂലൈ 31ന് മിശ്ര സ്‌ഥാനമൊഴിയണമെന്ന് ജൂലൈ 11ന് കോടതി ഉത്തരവിട്ടത്.
ഭീകരർക്ക് പണം നൽകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും നിരീക്ഷിക്കുന്ന രാജ്യാന്തര സംവിധാനമായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകനം നടക്കുന്നുവെന്നും അടുത്ത ഡയറക്‌ടർക്ക് ചുമതല കൈമാറുന്നതിനുള്ള സമയവും പരിഗണിച്ചാണ് 20 ദിവസം കൂടി തുടരാൻ അനുവദിച്ചിരുന്നത്. രണ്ടു വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്‌ടറായി നിയമിച്ചത്. 2020ൽ മിശ്ര വിരമിക്കുന്നതിന് തൊട്ടുമുൻപ്, കാലാവധി മൂന്ന് വർഷമാക്കി ഉത്തരവ് പരിഷ്‌കരിച്ചു.
‘കോമൺ കോസ്’ എന്ന സംഘടന ഇക്കാര്യം സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌തു. 2021 സെപ്‌റ്റംബറിൽ നൽകിയ വിധിയിൽ, വിരമിച്ചവരുടെ കാലാവധി നീട്ടുന്നത് പതിവാക്കരുതെന്നും അപൂർവ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളൂവെന്നും കോടതി വ്യക്‌തമാക്കി. മിശ്രയുടെ കാലാവധി വീണ്ടും നീട്ടരുതെന്ന് അന്ന് കോടതി ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവ് വകവെക്കാതെ 2021 നവംബറിലും 2022 നവംബറിലും സർക്കാർ മിശ്രയുടെ കാലാവധി നീട്ടി.
TECHNOLOGY | നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ