വാൽപ്പാറ: കോവിഡ് വ്യാപനത്തെ തുടർന്ന് മലക്കപ്പാറ അതിർത്തിയിലും തമിഴ്‌നാട് സർക്കാർ പരിശോധന കർശനമാക്കി. ഇനി മുതൽ പൊള്ളാച്ചിവഴി വാൽപ്പാറയിലേക്ക് വരുന്നവർക്ക് രണ്ടു ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാൽപ്പാറയിലുള്ള മലയാളികൾ നാട്ടിലേക്ക് വരുന്നത് കൂടുതലും ഈ വഴിയാണ്. ഇതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.
അതേസമയം, ആളിയാർ, മലക്കപ്പാറ ചെക്ക്പോസ്‌റ്റുകളിലും യാത്രക്കാർക്കുള്ള പരിശോധന കർശനമാക്കിയിട്ടുണ്ട്. നിലവിൽ വാൽപ്പാറ-പൊള്ളാച്ചി റൂട്ടുകളിൽ ഓടുന്ന അന്തർ സംസ്‌ഥാന ബസ് സർവീസുകൾ എല്ലാം നിർത്തിവെച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും കടത്തിവിടുന്നില്ല. എന്നാൽ, തൃശൂർ ജില്ലയിലെ മലക്കപ്പാറ വരെ കെഎസ്ആർടിസിയും ചെക്ക്പോസ്‌റ്റുവരെ തമിഴ്‌നാട് സർക്കാർ ബസും സർവീസ് നടത്തുന്നുണ്ട്.
രണ്ടു ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് ചെക്ക്പോസ്‌റ്റുവഴി പ്രവേശനം അനുവദിക്കുക. അല്ലാത്തവരെ മടക്കിയയക്കും. ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, പോലീസ്, നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്നാണ് വിവരം.
Read Also: മരത്തിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു






































