കൽപ്പറ്റ: രാഹുൽ ഗാന്ധിക്ക് വയനാട്ടിലും തിരിച്ചടി. വയനാട്ടിലെ എംപി ഓഫിസിലെ ടെലിഫോൺ കണക്ഷൻ ബിഎസ്എൻഎൽ വിച്‌ഛേദിച്ചു. ഇന്റർനെറ്റും നിർത്തലാക്കി. രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത് നിന്ന് ആയോഗ്യൻ ആക്കിയതിനെ തുടർന്നാണ് നടപടിയെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ബിഎസ്എൻഎൽ നടപടിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയും രംഗത്തെത്തി.
അയോഗ്യനാക്കിയ തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളി ആണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിനിടെ, രാഹുൽ ഗാന്ധി വയനാട്ടുക്കാർക്ക് എഴുതിയ കത്ത് വീടുകളിൽ വിതരണം ചെയ്‌തു തുടങ്ങി. അഞ്ചു ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് പ്രവർത്തകർ.
എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ചു മുന്നോട്ട് പോകണമെന്ന് രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി. ഈ മാസം 11ന് വയനാട്ടിലെത്തുന്ന രാഹുലിന് വൻ സ്വീകരണം ഒരുക്കാനാണ് യുഡിഎഫ് തീരുമാനം. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വയനാട്ടിലെത്തുന്നത്. ഫെബ്രുവരിയിലാണ് രാഹുൽ അവസാനമായി വയനാട്ടിലെത്തിയത്.
Most Read: ട്രെയിൻ തീവെപ്പ്; പ്രതി ഷാറൂഖ് സെയ്‌ഫിക്ക് മഞ്ഞപ്പിത്തം- അറസ്‌റ്റ് രേഖപ്പെടുത്തി