വയനാട്: മാനന്തവാടിയിലെ കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി ആടിനെ കൊന്നു. ഇന്ന് പുലർച്ചെ മൂന്നോടെ ഇറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ കടുവ തിന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 15 ആയി. പ്രദേശത്ത് കൂട് സ്‌ഥാപിച്ച് കടുവയെ പിടിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കടുവ വീണ്ടും ഇറങ്ങിയത്. ഇതോടെ പയ്യമ്പള്ളി, കുറുക്കൻ മൂല, പടമല പ്രദേശങ്ങളിലെ ജനങ്ങൾ ഏറെ പ്രതിസന്ധിയിലായി.
അതേസമയം, കഴിഞ്ഞ ദിവസം സബ് കളക്‌ടർ ആർ ശ്രീലക്ഷ്‌മിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. കുറുക്കൻ മൂലയിലും പരിസര പ്രദേശങ്ങളിലും രാവിലെ പാൽ അളക്കുന്ന സമയത്തും കുട്ടികൾ സ്‌കൂളിൽ പോകുന്ന സമയത്തും പോലീസിന്റെയും വനംവകുപ്പിന്റെയും പ്രത്യേക സ്‌ക്വാഡ് സ്‌ഥലത്ത് ക്യാമ്പ് ചെയ്യണമെന്ന് യോഗത്തിൽ തീരുമാനിച്ചു. കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും സ്‌ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Most Read: പിജി ഡോക്‌ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും