തിരുവനന്തപുരം: സമരം തുടരുന്ന പിജി ഡോക്‌ടർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തും. രാവിലെ 10.30 ശേഷമാകും കൂടിക്കാഴ്‌ച.
പിജി ഡോക്‌ടർമാർക്ക് തന്നെ എപ്പോൾ വേണമെങ്കിലും വന്ന് കാണാമെന്ന് ആരോഗ്യമന്ത്രി ഇന്നലെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ കൂടിക്കാഴ്‌ചയ്‌ക്ക് ചർച്ചയുടെ ഭാഷ്യം നൽകേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. പിജി ഡോക്‌ടർമാർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അത് അവരെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം അത്യാഹിത വിഭാഗം അടക്കം മുടക്കികൊണ്ടുള്ള പിജി ഡോക്‌ടർമാരുടെ സമരം ഇന്ന് 14 ദിവസം കടന്നു. 4 ശതമാനം സ്‌റ്റൈപെൻഡ് വർധനയടക്കം മുന്നോട്ട് വച്ച മുഴുവൻ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് ഇവർ.
നോൺ അക്കാദമിക് റസിഡന്റ് ഡോക്‌ടർമാരുടെ നിയമനം, സ്‌റ്റൈപൻഡ് വർധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യ വകുപ്പുമായുള്ള ചർച്ച. നേരത്തെ ഇനി ചർച്ചയില്ലെന്ന നിലപാടിലായിരുന്നു സർക്കാർ എങ്കിലും പിജി ഡോക്‌ടർമാർക്ക് പിന്നാലെ ഹൗസ് സർജൻമാരും പണിമുടക്കിയതോടെയാണ് ചർച്ചയില്ലെന്ന നിലപാടിൽ നിന്നും സർക്കാർ അയഞ്ഞത്.
ഇന്നലെ ഹൗസ് സർജൻമാരുമായി ചർച്ച നടത്തിയിരുന്നു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ഹൗസ് സർജൻമാരുമായി ചർച്ച നടത്തിയത്. ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഇവർക്ക് സെക്രട്ടറി ഉറപ്പ് നൽകി. പിന്നാലെ പിജി ഡോക്‌ടർമാരെ ചർച്ചക്ക് വിളിക്കുകയായിരുന്നു.
സമരം ശക്‌തമായതോടെ സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രോഗികൾ ചികിൽസ കിട്ടാതെ ദുരിതത്തിലാണ്. രാവിലെ 8ന് ഹൗസ് സർജൻമാരുടെ സൂചനാ പണിമുടക്ക് അവസാനിക്കുന്നതോടെ മെഡിക്കൽ കോളേജ് ഓപികളിൽ കൂടുതൽ ഡോക്‌ടർമാർ എത്തും. എന്നാൽ അപ്പോഴും എല്ലാ മെഡിക്കൽ സംഘടനകളും ഒപ്പം ഐഎംഎയും പിജി ഡോക്‌ടർമാരുടെ സമരത്തിന് പൂർണ പിന്തുണ നൽകുകയാണ്.
Most Read: വിസി നിയമനം; മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, പോര് മുറുകുന്നു