വയനാട്: നിരന്തരം ആവശ്യപ്പെട്ടിട്ടും ചികിൽസാ കേന്ദ്രം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ അരിവാൾ രോഗികൾ സമരത്തിൽ. ചികിൽസാ കേന്ദ്രം ഒരുക്കുമെന്ന വാഗ്ദാനം സർക്കാർ ലംഘിച്ചുവെന്നാരോപിച്ചാണ് രോഗികൾ സമരത്തിനിറങ്ങിയത്. സംസ്ഥാന ബജറ്റിൽ അരിവാൾ രോഗികൾക്കായി ധനസഹായം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെങ്കിലും വാഗ്ദാന ലംഘനം അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിലാണ് രോഗികൾ.
കഴിഞ്ഞ സർക്കാരാണ് അരിവാൾ രോഗികൾക്കായി പ്രത്യേക പരിചരണ കേന്ദ്രമെന്ന പ്രഖ്യാപനം നടത്തിയത്. തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ ഇതിനായി സ്ഥലം കണ്ടെത്തുകയും 2021 ഫെബ്രുവരി 14ന് അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ കേന്ദ്രത്തിന് തറക്കല്ലിടുകയും ചെയ്തിരുന്നു. എന്നാൽ, തറക്കല്ലിട്ടതൊഴിച്ചാൽ മറ്റ് പ്രവൃത്തികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ‘കോബ്രഹെൻസീവ് ഹീമോഗ്ളോബിനോപ്പതി റിസേർച്ച് സെന്റർ’ എന്ന ചികിൽസാ കേന്ദ്രമായിരുന്നു സർക്കാർ പരിഗണനയിൽ ഉണ്ടായിരുന്നത്.
വയനാടിന് പുറമെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെയും കർണാടകയിലെ കുടക്, മൈസൂർ, നീലഗിരി ജില്ലകളിലെയും അരിവാൾ രോഗികൾക്ക് ആശ്വാസം പകരുന്നതായിരുന്നു പദ്ധതി. 23 വർഷമായി അരിവാൾ രോഗികളുടെ സംഘടന നിരന്തരം ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ സർക്കാർ ഉറപ്പ് നൽകിയിരുന്നിട്ടും കൂടി സെന്റർ പ്രഖ്യാപനത്തിലും തറക്കല്ലിലും മാത്രം ഒതുങ്ങിയതോടെയാണ് രോഗികൾ സമരത്തിന് ഇറങ്ങിയത്. കേന്ദ്രത്തിനൊപ്പം വയനാട് മെഡിക്കൽ കോളേജിൽ സ്പെഷ്യൽ യൂണിറ്റ് കൂടി സ്ഥാപിക്കണമെന്നും രോഗികൾ ആവശ്യപ്പെട്ടു.
Most Read: തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം; തലക്ക് വെടിയേറ്റു






































