പാലക്കാട്: മാസങ്ങൾക്ക് മുൻപ് നവീകരണം പൂർത്തിയാക്കിയ പാത വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെ തകർന്നു. അഞ്ചുകോടി ചിലവഴിച്ച് നവീകരിച്ച കുനിശ്ശേരി-ചേരാമംഗലം-നെൻമാറ പാതയാണ് വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ ടാറിങ് താഴ്ന്നും വശങ്ങൾ വിണ്ടുകീറിയും തകർന്നത്. കെഡി പ്രസേനൻ എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽ നിന്നാണ് അഞ്ചുകോടി രൂപ ചിലവഴിച്ച് കലുങ്കുകളും വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടിയും നവീകരിച്ചത്.
നവീകരണത്തിന് മുമ്പുതന്നെ പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിക്കായി രണ്ട് കിലോമീറ്റർ പാതയോരത്തും, അഞ്ചിടങ്ങളിലായി പാതക്ക് കുറുകെയും ജലവിതരണ കുഴൽ സ്‌ഥാപിക്കുന്നതിന് ജല അതോറിറ്റി അനുമതി വാങ്ങിയിരുന്നു. ടാറിങ് നടത്തുന്നതിന് മുമ്പുതന്നെ പണി പൂർത്തീകരിക്കുകയും ചെയ്‌തു. എന്നാൽ, പാതയുടെ നവീകരണം പൂർത്തിയായ ശേഷം ചില ഭാഗങ്ങൾ ഇടിഞ്ഞു താഴ്ന്നതോടെ പിഡബ്ള്യുഡി നടത്തിയ പരിശോധനയിൽ കൂടുതൽ ഭാഗങ്ങളിൽ ജലവിതരണ കുഴൽ സ്‌ഥാപിച്ചതായി കണ്ടെത്തി.
പാത ഇടിഞ്ഞുതാഴ്ന്ന ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കരിങ്കല്ലിട്ട് നികത്തിയിരിക്കുകയാണ്. അനധികൃതമായി കുഴലിടുന്നതിനായി ചാലെടുത്തതിനാലാണ് പാത തകർന്നത് എന്ന് കാണിച്ച് പാതയുടെ തകർച്ചയിലുണ്ടായ നഷ്‌ടമായി 85,000 രൂപ ആവശ്യപ്പെട്ട് പിഡബ്ള്യുഡി അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ആലത്തൂർ പോലീസിൽ പരാതി നൽകി.എന്നാൽ, ഗ്രാമപ്പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം പിഡബ്ള്യുഡിയിൽ നിന്ന് ജലവിതരണ കുഴൽ സ്‌ഥാപിക്കുന്നതിന് അനുമതി വാങ്ങിയാണ് കുഴലുകൾ സ്‌ഥാപിച്ചത് എന്നാണ് ജല അതോറിറ്റി പറയുന്നത്.
പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പാതയിലെ നിരപ്പ് വ്യത്യാസം ഇല്ലാതാക്കുന്നതിനായി പാതയോരങ്ങൾ ഇനിയും മണ്ണിട്ട് നികത്താത്തത് അപകട ഭീഷണിയാകുന്നുണ്ട്.
Most Read: അനധികൃതമായി മദ്യം ജില്ലയിൽ എത്തുന്നു; പരിശോധന കർശനമാക്കുമെന്ന് എക്‌സൈസ് വിഭാഗം


































