വാഷിങ്ടൻ: ട്രാൻസ്‌ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ ഉൾപ്പെട്ടവരെ സൈന്യത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.
”യുഎസ് സൈന്യം ഇനിമുതൽ ട്രാൻസ്‌ജെൻഡർ വ്യക്‌തികളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിർത്തും”- സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സൈന്യം വ്യക്‌തമാക്കി.
ട്രാൻസ്‌ജെൻഡർ വ്യക്‌തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്‌തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തുന്നില്ലെന്നും സൈന്യത്തോട് കൂറ് പുലർത്തുന്നില്ലെന്നുമാണ് ട്രംപിന്റെ കാഴ്‌ചപ്പാട്. അവരുടെ സാന്നിധ്യം സൈന്യത്തിന് ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
2016ൽ ഒബാമയുടെ ഭരണകാലത്ത് സൈന്യത്തിലെ ട്രാൻസ്‌ജെൻഡർ വിലക്ക് പിൻവലിച്ചിരുന്നു. എന്നാൽ, ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്നു. ‘ട്രാൻസ്‌ജെൻഡർ ഭ്രാന്ത്’ അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ലിംഗങ്ങൾ മാത്രമേ യുഎസിൽ ഉണ്ടാവുകയുള്ളൂ എന്നും ട്രംപ് അധികാരത്തിലേറിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു.
ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിനും യുഎസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ട്രാൻസ്‌ജെൻഡറുകൾ ഇത്തരം മൽസരങ്ങളിൽ പങ്കെടുക്കുന്നത് സ്‌ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്‌ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്‌ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു.
നിയമവിരുദ്ധമായി വന്നാൽ നാടുകടത്തും
കുടിയേറ്റക്കാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി വൈറ്റ് ഹൗസിന്റെ പ്രണയദിന സന്ദേശം. ”റോസാപ്പൂക്കൾ ചുവപ്പാണ്, വയലറ്റ് നീലയാണ്. നിയാവിരുദ്ധമായി ഇവിടെ വരൂ, ഞങ്ങൾ നിങ്ങളെ നാടുകടത്തും”- വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രണയദിന ആശംസയിൽ പറയുന്നു.
”വയലറ്റുകൾ നീലയാണ്, റോസാപ്പൂക്കൾ ചുവപ്പാണ്” എന്ന വരികൾ എഡ്‌മണ്ട് സ്‌പെൻസറുടെ വിഖ്യാതമായ ദി ഫിയറി ക്വീൻ’ എന്ന കവിതയിലെ ആണ്. സ്‌നേഹം ശക്‌തവും വികാരബഹരിതവുമാണ്. ചുവന്ന റോസാപ്പൂവ് അതിനെ പ്രതിനിധീകരിക്കുന്നു. അതേസമയം, പ്രണയം വിശ്വസ്‌തവും ആഴത്തിലുള്ളതും ആൽമാർഥവുമാണ്. നീല നിറം അതിനെ പ്രതിനിധീകരിക്കുന്നു.
ഗാസ; ശനിയാഴ്‌ച കടുത്ത നിലപാട് സ്വീകരിക്കും
ഗാസയുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച കടുത്ത നിലപാട് സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പലസ്‌തീൻകാരെ സമീപ രാഷ്‌ട്രങ്ങളിലേക്ക് മാറ്റി ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവർത്തിച്ച് ദിവസങ്ങൾക്കുള്ളിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്‌തീൻകാർ ഒഴിഞ്ഞുപോകണമെന്നാണ് ട്രംപിന്റെ നിലപാട്.
ഗാസയെ യുഎസ് ഏറ്റെടുത്ത് അവിടെ ഉല്ലാസകേന്ദ്രം നിർമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പലസ്‌തീൻ അഭയാർഥികളെ ഏറ്റെടുത്തില്ലെങ്കിൽ സഹായം നിർത്തുമെന്ന് സഖ്യകക്ഷികളായ ഈജിപ്‌തിനും ജോർദാനും ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. കുറച്ച് പലസ്‌തീൻകാരെ അമേരിക്ക സ്വീകരിക്കാൻ ഒരുക്കമാണെന്നും എന്നാൽ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുമെന്നും ട്രംപ് വ്യക്‌തമാക്കിയിട്ടുണ്ട്.
ഗാസയിലെ നിന്ന് എല്ലാ ബന്ധികളെയും മോചിപ്പിക്കാൻ ശനിയാഴ്‌ച വരെയാണ് ട്രംപ് ഹമാസിന് സമയപരിധി നിശ്‌ചയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ റദ്ദാക്കൽ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്